ചേന്ദമംഗലം കൂട്ടക്കൊല: ലക്ഷ്യമിട്ടത് ജിതിനെ മാത്രം
Friday, January 17, 2025 4:17 PM IST
കൊച്ചി/പറവൂര്‍: ചേന്ദമംഗലത്തെ കൂട്ടകൊലക്കേസില്‍ ലക്ഷ്യമിട്ടത് ജിതിന് ബോസിനെ മാത്രം ആക്രമിക്കാനെന്ന് പ്രതി ഋതു ജയന്റെ മൊഴി. ജിതിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് വേണുവിനെയും, ഉഷയെയും ആക്രമിച്ചത്. വിനീഷ ഓടിയടുത്തപ്പോള്‍ തലയ്ക്കടിച്ചുവെന്നാണ് പ്രതി ഋതു പോലീസിനു മൊഴി നല്‍കിയിരിക്കുന്നത്.
ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്നുപേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അയല്‍വാസിയായ പ്രതി ഋതു ജയ(27)ന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇയാള്‍ വ്യാഴാഴ്ച തന്നെ പോലിസില്‍ കീഴടങ്ങിയിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ചേന്ദമംഗലം കാട്ടിപറമ്പില്‍ വേണു (65), ഭാര്യ ഉഷ (58), മകള്‍ വിനീഷ(32) എന്നിവരാണ് തലയ്ക്ക് ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ് വ്യാഴാഴ്ച മരിച്ചത്. അക്രമത്തില്‍ പരിക്കേറ്റ വിനീഷയുടെ ഭര്‍ത്താവ് ജിതിന് ബോസിന്റെ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ജിതിന് - വിനീഷ ദമ്പതികളുടെ മക്കളുടെ മുന്നില്‍ വച്ചായിരുന്നു ഈ അരുംകൊല നടന്നത്.
ജിതിന് സഹോദരിയെക്കുറിച്ചു മോശമായി പറഞ്ഞുവെന്നു പ്രതി
ജിതിൻ തന്റെ സഹോദരിയെക്കുറിച്ചു മോശമായി പറഞ്ഞുവെന്നാണ് ഋതു പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. അതുകൊണ്ട് ജിതിനെ ലക്ഷ്യമിട്ടാണ് ആ വീട്ടിലേക്ക് വന്നത്. എന്നാല്‍ മറ്റുള്ളവര്‍ തടയാന്‍ ശ്രമിച്ചതോടെയാണ് അക്രമം നടത്തിയതെന്നാണ് ഇയാളുടെ മൊഴി.
അതേസമയം ഋതു കുട്ടിക്കാലം മുതല്‍ ലഹരിക്ക് അടിമയായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. ലഹരിക്കേസില്‍ ഇയാള്‍ 52 ദിവസം ജയിലില്‍ കിടന്നതായി പോലീസ് പറഞ്ഞു. പ്രതി മാനസിക രോഗ ചികിത്സയിലായിരുന്നുവെന്നും പോലീസ് പറയുന്നു. ഋതുവും അയല്‍വാസികളും തമ്മില്‍ ഒരു വര്‍ഷത്തോളമായി തര്‍ക്കം നിലനിന്നിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
പ്രതി ഋതുവിന്റെ വീട്ടില്‍ ഫൊറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തുന്നുണ്ട്. ലഹരിക്ക് അടിമയായ പ്രതി കൊലപാതക സമയത്ത് ലഹരി ഉപയോഗിച്ചിരുന്നോ എന്നതടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതിക്കെതിരേ നേരത്തെ പരാതി നല്‍കിയിട്ടും പോലീസ് നടപടി എടുത്തില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.
ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് വേണുവിന്റെ വീട്ടിലെ ഗേറ്റ് തല്ലിത്തകര്‍ത്ത സംഭവത്തില്‍ ഋതുവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്നു വേണുവിന്റെ വീട്ടില്‍ സിസിടിവി കാമറ സ്ഥാപിക്കുകയും ചെയ്തിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഋതു റൗഡി ലിസ്റ്റിലും ഉള്‍പ്പെട്ടയാളാണ്. അരുംകൊലക്ക് മുമ്പ് ഇയാള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
പ്രദേശവാസികള്‍ക്കെല്ലാം ശല്യമുണ്ടാക്കുന്ന രീതിയിലായിരുന്നു മുമ്പും ഇയാളുടെ പെരുമാറ്റം. സ്ത്രീകളെ ശല്യം ചെയ്തത് അടക്കം കേസുകളുണ്ട്. മോഷണക്കേസുമുണ്ട്.
മരിച്ച മൂവരുടെയും തല പിളര്‍ന്ന നിലയിലായിരുന്നു. വേണുവിന്റെ തലയില്‍ മാത്രം ആറ് തവണയെങ്കിലും ശക്തമായി അടിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്കും മൂന്നു തവണയെങ്കിലും അടിയേറ്റിട്ടുണ്ട്. ജിതിന്റെ സുഹൃത്തുകള്‍ എത്തിയാണ് നാലുപേരെയും പൂറവൂര് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.
അപ്പോഴേയ്ക്കും മൂന്നു പേരും മരിച്ചിരുന്നു. ജിതിനെ ഉടനെ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റി. തലയോട്ടി പൊട്ടി ഒരു എല്ല് തലച്ചോറില്‍ കയറിയതിനാല്‍ സര്‍ജറിയ്ക്കു ശേഷം മാത്രമേ ആരോഗ്യനില വ്യക്തമാക്കാന്‍ കഴിയൂ എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്.
പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തികരിച്ച ശേഷം മൂന്നുപേരുടെയും മൃതദേഹം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. തുടര്‍ന്ന് വീട്ടിലെത്തിക്കുന്ന മൃതദേഹങ്ങള്‍ കരിമ്പാടത്തെ വീട്ടില്‍ അല്പസമയം പൊതുദര്‍ശനത്തിനു വയ്ക്കും. അതിനുശേഷം വൈകിട്ട് അഞ്ചിന് മുരിക്കുംപാടം പൊതുശ്മശാനത്തില്‍ സംസ്കരിക്കും.