അഞ്ച് വയസുകാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; ആസാം സ്വദേശിക്ക് ജീവപര്യന്തം
Friday, January 17, 2025 3:03 PM IST
തൃശൂര്‍: അഞ്ച് വയസുകാരനെ വെട്ടിക്കൊലപ്പെടുത്തുകയും കുട്ടിയുടെ അമ്മയെ വെട്ടിപരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ആസാം സ്വദേശി ജമാല്‍ ഹുസൈന്(19) ജീവപര്യന്തം തടവ് ശിക്ഷ. തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.
ആസാം സ്വദേശികളുടെ മകൻ നജുറുള്‍ ഇസ്ലാം ആണ് കൊല്ലപ്പെട്ടത്. നാട്ടിലെ സ്വത്തുതര്‍ക്കം മൂലം കുടുംബത്തോട് ഇവരുടെ ബന്ധുവായ പ്രതിക്ക് വൈരാഗ്യമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
2023 മാര്‍ച്ച് 30ന് മുപ്ലിയത്തെ ഐശ്വര്യ കോണ്‍ക്രീറ്റ് ബ്രിക്സ് കമ്പനിയില്‍വച്ചാണ് കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മ നജ്മ ഖാത്തൂണ്‍, അച്ഛന് ബഹാറുള്‍ എന്നിവര്‍ ബ്രിക്സ് കമ്പനിയിലെ ജോലിക്കാരായിരുന്നു.
കമ്പനിയില്‍ തന്നെയാണ് ഇവർ താമസിച്ചിരുന്നത്. നജ്മയുടെ വല്യമ്മയുടെ മകനായ പ്രതി ജമാല്‍ ഹുസൈന് സംഭവത്തിന്റെ തലേ ദിവസം ഇവരുടെ അടുത്തെത്തി. ഇവർക്കൊപ്പം ഒരു രാത്രി കഴിഞ്ഞ പ്രതി പിറ്റേ ദിവസം രാവിലെ ബഹാറുൾ ഫാക്ടറിയിലേക്ക് പോയ ഉടനെ നജ്മയെയും മകനെയും വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സമീപത്തുണ്ടായിരുന്നവർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. വരന്തരപ്പിള്ളി പോലീസാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.