ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചു
Friday, January 17, 2025 12:54 PM IST
തിരുവനന്തപുരം: ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയെ വൈദ്യപരിശോധനയ്ക്കായി ഫോര്‍ട്ട് ആശുപത്രിയിലെത്തിച്ചു. കേസിൽ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ ഇവരുടെ ജാമ്യം റദ്ദാക്കിയിരുന്നു.
ഇവരെ ജയിലിലേക്ക് മാറ്റുന്നതിന് മുന്നോടിയായാണ് വൈദ്യപരിശോധന നടത്തുന്നത്. ഇതിന് ശേഷം ഇവരെ അട്ടകുളങ്ങര വനിതാ ജയിലിലേക്ക് കൊണ്ടുപോകും.
നെയ്യാറ്റിന്‍കര ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. ഗ്രീഷ്മയ്ക്കെതിരെ കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിഞ്ഞു.
അതേസമയം ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് സിന്ധുവിനെ വെറുതെ വിട്ടത്. കേസിലെ മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവൻ നിർമല കുമാറും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തെളിവ് നശിപ്പിച്ചതിൽ അമ്മാവൻ കുറ്റക്കാരനാണെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഇരുവർക്കുമുള്ള ശിക്ഷ കോടതി ശനിയാഴ്ച പ്രഖ്യാപിക്കും.