വയനാട് ദുരന്തബാധിതർക്ക് ഒരു വർഷംകൊണ്ട് ടൗണ്‍ഷിപ്പ്; നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ
Friday, January 17, 2025 11:02 AM IST
തിരുവനന്തപുരം: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗണ്‍ഷിപ്പ് ഒരുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വയനാട് ദുരന്തത്തിൽ ഇരകളായവരെ പുനരധിവസിപ്പിക്കേണ്ടത് സർക്കാരിന്റെ കടമയാണെന്നും ഗവർണർ പറഞ്ഞു.
കഴിഞ്ഞ പതിറ്റാണ്ടില്‍ പ്രളയം ഉള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങളെ സംസ്ഥാനത്തിന് നേരിടേണ്ടിവന്നു. ഈ വെല്ലുവിളികള്‍ക്കിടയിലും കേരളത്തിന്റെ ദുരന്തനിവാരണ മാനേജ്മെന്റ് മാതൃക അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിയെന്നും ഗവർണർ കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗം. സര്‍ക്കാര്‍ നവകേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്നു. നവകേരളം സ്ഥാപിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഗവർണർ പറഞ്ഞു.
സർക്കാർ തയാറാക്കി മന്ത്രിസഭ അംഗീകരിച്ചു നൽകിയ പ്രസംഗത്തിൽ ഗവർണർ മാറ്റങ്ങളൊന്നും നിർദേശിച്ചിട്ടില്ലെന്നാണ് വിവരം. ആദ്യമായി സഭയിലെത്തിയ ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും ചേർന്ന് സ്വീകരിച്ചു. നിയമസഭയെ അഭിസംബോധന ചെയ്യുന്നത് അഭിമാനത്തോടെയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗവർണർ നയപ്രഖ്യാപനം തുടങ്ങിയത്.