""വികസന നേട്ടങ്ങളില്‍ കേരളം മാതൃക''; ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം തുടങ്ങി
Friday, January 17, 2025 9:19 AM IST
തിരുവനന്തപുരം: നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. സര്‍ക്കാര്‍ നവകേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്നു. നവകേരളം സ്ഥാപിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറഞ്ഞു.
വിദ്യാഭ്യാസം, ആരോഗ്യം, അതിദാരിദ്ര നിര്‍മാര്‍ജനം എന്നിവയ്ക്കാണ് സർക്കാർ മുൻഗണന നൽകുന്നത്. എല്ലാവര്ക്കും പാര്‍പ്പിടം ഉറപ്പാക്കാനുള്ള നടപടി പുരോഗമിക്കുന്നു.
നാലുലക്ഷത്തിലധികം കുടുംബങ്ങൾക്ക് വീട് വച്ച് നൽകി. സുരക്ഷിതമായ ഭവനത്തിനുള്ള അവകാശം യാഥാർഥ്യമാക്കാൻ സർക്കാരിനായി. വികസന നേട്ടങ്ങളില്‍ കേരളം മാതൃകയാണെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ വ്യക്തമാക്കി.
സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്നതിൽ പുതിയ നേട്ടങ്ങൾ കൈവരിക്കാനായി. ഇന്റർനെറ്റ് ലഭ്യത എല്ലാവർക്കും ഉറപ്പുവരുത്താനായതോടെ ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കാനായി.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ നേട്ടം എടുത്തു പറയേണ്ടതാണ്. ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ വന്‍ പുരോഗതിയാണ് സംസ്ഥാനം കൈവരിച്ചത്. കേന്ദ്രവുമായി ചേര്‍ന്ന് ദേശീയപാതാ വികസനം സുഗമമായി പുരോഗമിക്കുന്നെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
രാജേന്ദ്ര ആർലേക്കറുടെ ആദ്യ നയപ്രഖ്യാപനത്തിനാണ് സഭ ഇന്ന് സാക്ഷ്യം വഹിക്കുന്നത്. സർക്കാർ തയാറാക്കി മന്ത്രിസഭ അംഗീകരിച്ചു നൽകിയ പ്രസംഗത്തിൽ ഗവർണർ മാറ്റങ്ങളൊന്നും നിർദേശിച്ചിട്ടില്ലെന്നാണ് വിവരം.
ആദ്യമായി സഭയിലെത്തിയ ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും ചേർന്ന് സ്വീകരിച്ചു. നിയമസഭയെ അഭിസംബോധന ചെയ്യുന്നത് അഭിമാനത്തോടെയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗവർണർ നയപ്രഖ്യാപനം തുടങ്ങിയത്.