വിജയ് ഹസാരെ ട്രോഫി: ഹരിയാനയെ തകർത്ത് കർണാടക ഫൈനലിൽ
Wednesday, January 15, 2025 9:19 PM IST
വഡോദര: വിജയ് ഹസാരെ ട്രോഫിയിൽ കർണാടക ഫൈനലിൽ. സെമിഫൈനലിൽ ഹരിയാനയെ അഞ്ച് വിക്കറ്റിന് തകർത്താണ് കർണാടക ഫൈനലിലെത്തിയത്. 86 റൺസെടുത്ത മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ പ്രകടനമാണ് കർണാടകയുടെ വിജയത്തിൽ നിർണായകമായത്.
ഹരിയാന ഉയർത്തിയ 238 റൺസ് വിജയലക്ഷ്യം 16 പന്തുകൾ ബാക്കി നിൽക്കെ കർണാടക മറികടന്നു. ഇത് അഞ്ചാം തവണയാണ് കര്‍ണാടക വിജയ് ഹസാരെ ഫൈനലിലെത്തുന്നത്. വ്യാഴാഴ്ച നടക്കുന്ന വിദര്‍ഭ-മഹാരാഷ്ട്ര രണ്ടാം സെമിഫൈനല്‍ വിജയികളെയാണ് കര്‍ണാടക ശനിയാഴ്ച നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ നേരിടുക.
86 റണ്‍സെടുത്ത മലയാളി താരം ദേവ്ദത്ത് പടിക്കലാണ് കര്‍ണാടകയുടെ ടോപ് സ്കോറര്‍. കര്‍ണാടകക്ക് വേണ്ടി സ്മരണ്‍ രവിചന്ദ്രന്‍ 76 റണ്‍സെടുത്തു.ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 128 റണ്‍സാണ് കര്‍ണാടകയുടെ വിജയം അനായാസമാക്കിയത്. മിന്നും ഫോമിലുള്ള ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളിനെ(0) ആദ്യ ഓവറില്‍ തന്നെ നഷ്ടമായശേഷം ദേവ്ദത്തും കെ വി അനീഷും ചേര്‍ന്ന് കര്‍ണാടകയെ 50 കടത്തി.
അനീഷ്(22) മടങ്ങിയശേഷം ക്രീസിലെത്തിയ സ്മരണ്‍ മികച്ച പങ്കാളിയായതോടെ കര്‍ണാടക അതിവേഗം ലക്ഷ്യത്തോട് അടുത്തു. അര്‍ഹിച്ച സെഞ്ചുറിക്ക് 14 റണ്‍സകലെ ദേവ്ദത്ത് പടിക്കിലെ നിഷാന്ത് സന്ധു വീഴ്ത്തിയപ്പോള്‍ പിന്നാലെ കൃഷ്ണജിത്ത് ശ്രീജിത്തും(3) പുറത്തായെങ്കിലും സ്മരണ്‍ കര്‍ണാടകയെ വിജയത്തോട് അടുപ്പിച്ചു. ഹരിയാനക്ക് വേണ്ടി നിഷാന്ത് സന്ധു 1- ഓവറില്‍ 47 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹരിയാന ഹിമാന്‍ഷു റാണ(44), ക്യാപ്റ്റൻ അങ്കിത് കുമാര്‍(48), രാഹുല്‍ തെവാട്ടിയ(22), സുമിത് കുമാര്‍(21) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. കര്‍ണാടകക്ക് വേണ്ടി അഭിലാഷ് ഷെട്ടി നാലു വിക്കറ്റെടുത്തപ്പോള്‍ പ്രസിദ്ധ് കൃഷ്ണയും ശ്രേയസ് ഗോപാലും രണ്ട് വിക്കറ്റ് വീതം എടുത്തു.