ഡൽഹിയിൽ ആംആദ്മി പാർട്ടിക്കാണ് ശക്തിയുള്ളത്, കോൺഗ്രസിനല്ല: അഖിലേഷ് യാദവ്
Wednesday, January 15, 2025 6:40 PM IST
ന്യൂഡൽഹി: ആംആദ്മി പാർട്ടിക്കാണ് ഡൽഹിയിൽ ശക്തിയുള്ളതെന്ന് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ്. ഡൽഹിയിൽ കോൺഗ്രസിനേക്കാൾ ബിജെപിയെ തോൽപ്പിക്കാൻ സാധിക്കുന്നത് ആംആദ്മി പാർട്ടിക്കാണെന്നും അഖിലേഷ് പറഞ്ഞു.
അതിനാലാണ് എസ്പി ആംആദ്മി പാർട്ടിയെ പിന്തുണയ്ക്കുന്നതെന്നും അഖിലേഷ് പറഞ്ഞു. ഡൽഹിയിൽ കോൺഗ്രസിന് ശക്തിയില്ലെന്നും അവരെ പിന്തുണച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഇന്ത്യ സഖ്യത്തിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും എല്ലാ പാർട്ടികളും ഒറ്റക്കെട്ടാണെന്നും എസ്പി നേതാവ് വ്യക്തമാക്കി. ഓരോ സംസ്ഥാനത്തും പ്രദേശത്തും ബിജെപിക്കതിരെ ആരാണോ ശക്തർ അവരെ പിന്തുണയ്ക്കുക എന്നതാണ് സഖ്യത്തിലെ ഓരോ പാർട്ടികളുടെ മുഖ്യലക്ഷ്യമെന്നും അഖിലേഷ് പറഞ്ഞു.
ഡൽഹിയിൽ ആംആദ്മി പാർട്ടിയുടെ വിജയം സുനിശ്ചിതമാണെന്നും യുപി മുൻ മുഖ്യമന്ത്രി പറഞ്ഞു.