വിജയന്റെ ആത്മഹത്യ: കോണ്ഗ്രസ് നേതാക്കളുടെ മുൻകൂർ ജാമ്യപേക്ഷയിൽ വാദം തുടരും
Wednesday, January 15, 2025 3:45 PM IST
കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ മരണവുമായി ബന്ധപ്പെട്ട ആത്മഹത്യ പ്രേരണക്കേസിൽ കോണ്ഗ്രസ് നേതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം തുടരും. ഉത്തരവ് വരുന്നതുവരെ അറസ്റ്റ് പാടില്ലെന്നും വയനാട് പ്രിൻസിപ്പൽ സെക്ഷൻസ് കോടതി വ്യക്തമാക്കി.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ഡിഡിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, കെ.കെ. ഗോപിനാഥൻ എന്നിവർക്കെതിരെയാണ് ബത്തേരി പോലീസ് ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തത്.
കേസിൽ മതിയായ തെളിവുകൾ ഇല്ലെന്നാണ് പ്രതികളുടെ വാദം. കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എഴുതിയിരിക്കുന്ന കത്തിലാണ് പേരുകൾ ഉള്ളത്. ഈ കത്ത് പഴയതാണെന്നും പ്രതിഭാഗം വാദിച്ചു.
കെ.കെ. ഗോപിനാഥന്റെയും പ്രോസിക്യുഷന്റെയും വാദം കൂടി ഇനി പൂർത്തിയാകാനുണ്ട്. ഈ രണ്ട് പേരുടെയും വാദം വ്യാഴാഴ്ച കോടതി കേൾക്കും. ഉത്തരവ് വരുന്നതുവരെ പ്രതികളെ അറസ്റ്റു ചെയ്യരുതെന്നും കോടതി നിർദേശിച്ചു.