നിരുപാധികം മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍; കോടതി സ്വമേധയാ എടുത്ത കേസ് തീര്‍പ്പാക്കി
Wednesday, January 15, 2025 2:52 PM IST
കൊച്ചി: ലൈംഗിക അധിക്ഷേപ കേസിൽ ജാമ്യം കിട്ടിയിട്ടും ജയിലില്‍നിന്ന് പുറത്തിറങ്ങുന്നത് വൈകിപ്പിച്ചതിന് കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍. ഇതോടെ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി തീര്‍പ്പാക്കി. ബോബി എന്ന് ജയിലില്‍ നിന്ന് ഇറങ്ങിയാലും പ്രശ്നമില്ലെന്ന് കോടതി പറഞ്ഞു.
കോടതി ഉച്ചയ്ക്ക് രണ്ടിന് കേസ് പരിഗണിച്ചപ്പോഴാണ് ബോബി മാപ്പ് പറഞ്ഞത്. ജയില്‍നിന്ന് പുറത്തിറങ്ങാന്‍ വൈകിയത് ജാമ്യ ഉത്തരവ് എത്താന്‍ വൈകിയതിനാലാണെന്ന് ബോബി കോടതിയെ അറിയിച്ചു.
ആരെയും വിഷമിപ്പിക്കാനായി താന്‍ ഒന്നും ചെയ്തിട്ടില്ല. കോടതിയെ വെല്ലുവിളിക്കാനില്ലെന്നും ബോബി പറഞ്ഞു. വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞതായി അഭിഭാഷകനും കോടതിയെ അറിയിച്ചു.
കോടതിയെ വെല്ലുവിളിക്കുന്ന സമീപനമാണ് ബോബി സ്വീകരിച്ചതെന്ന് കേസ് പരിഗണിച്ച ജസ്റ്റീസ് പി.വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു. പ്രഥമദൃഷ്ട്യാ ബോബി ചെമ്മണ്ണൂരിന് തെറ്റുപറ്റിയെന്ന് പറഞ്ഞുകൊണ്ടാണ് കേസിന്റെ നടപടികള്‍ കോടതി അവസാനിപ്പിച്ചത്.
റിമാന്‍ഡ് തടവുകാരെ സംരക്ഷിക്കാന്‍ ബോബി ചെമ്മണ്ണൂര്‍ ആരാണെന്ന് കോടതി നേരത്തേ ചോദിച്ചിരുന്നു. അതിന് ഇവിടെ നീതിന്യായ വ്യവസ്ഥയുണ്ട്. കോടതിക്കെതിരേ യുദ്ധപ്രഖ്യാനമാണോയെന്നും ബോബി നിയമത്തിന് മുകളിലാണോയെന്നും കോടതി ചോദ്യം ഉന്നയിച്ചിരുന്നു.