പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികൾക്കുവേണ്ടി കേസ് നടത്താൻ സിപിഎം വീണ്ടും പിരിവ് തുടങ്ങി
Wednesday, January 15, 2025 12:38 PM IST
കാഞ്ഞങ്ങാട്: പെരിയ കല്യോട്ടെ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾക്കുവേണ്ടി കേസ് നടത്താൻ സിപിഎം വീണ്ടും ഫണ്ട് പിരിവ് തുടങ്ങി. ഇത്തവണ പാർട്ടി അംഗങ്ങളിൽനിന്നു മാത്രമാണ് പണം പിരിക്കുന്നത്.
തെരഞ്ഞെടുപ്പുകൾ അടുത്തുവരുന്ന സാഹചര്യത്തിൽ കൊലക്കേസ് നടത്തിപ്പിനായി പൊതുജനങ്ങളിൽനിന്നും വ്യാപാരികളിൽനിന്നും മറ്റും നിർബന്ധിത പണപ്പിരിവ് നടത്തുന്നത് വിപരീതഫലം സൃഷ്ടിച്ചേക്കാമെന്ന വിലയിരുത്തലിനെ തുടർന്നാണ് ഇത്.
ജില്ലയിലെ ഓരോ പാർട്ടി അംഗവും ചുരുങ്ങിയത് 500 രൂപയെങ്കിലും നല്കണമെന്നാണ് പാർട്ടി നിർദേശം. എന്നാൽ, മുഴുവൻസമയ പാർട്ടി പ്രവർത്തകർക്ക് ഇതിനുള്ള വരുമാനം എവിടെനിന്ന് ലഭിക്കുമെന്ന കാര്യത്തിൽ പാർട്ടി മൗനം പാലിക്കുകയാണ്.
ഈ തുക പരസ്യമായിട്ടല്ലെങ്കിലും പാർട്ടി അംഗങ്ങൾ പൊതുജനങ്ങളിൽ നിന്നും വ്യാപാരികളിലും സംരംഭകരിലും കരാറുകാരിലും മറ്റും നിന്നും പിരിച്ചെടുക്കാൻ തന്നെയാണ് സാധ്യത.
ജില്ലയിൽ പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്നവരും പാർട്ടിയുടെ പേരിൽ ജോലി നേടിയവരും ഒരു ദിവസത്തെ ശമ്പളം നല്കണമെന്നും നിർദേശമുണ്ട്. ജില്ലയിലാകെ 28,970 അംഗങ്ങളാണ് സിപിഎമ്മിനുള്ളത്. ഇവരിൽ നിന്ന് 500 രൂപ വച്ച് പിരിച്ചെടുക്കുമ്പോൾതന്നെ അത് 1.4 കോടി രൂപയോളമാകും.
ജോലി ലഭിച്ചവരുടെ ഒരു ദിവസത്തെ ശമ്പളം കൂടിയാകുമ്പോൾ ആകെ ലഭിക്കുന്ന ഫണ്ട് രണ്ടുകോടി രൂപയിലധികമാകും. ഈ മാസം 20 നകം ഈ പണമത്രയും സമാഹരിച്ചു നല്കണമെന്നാണ് ജില്ലാ കമ്മിറ്റി ഏരിയാ കമ്മിറ്റികൾക്ക് നല്കിയിരിക്കുന്ന നിർദേശം.
ഇത് ലഭിക്കുന്നതിനു പിന്നാലെ ശിക്ഷിക്കപ്പെട്ട പ്രതികൾക്കു വേണ്ടി ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കാനാണ് തീരുമാനം. ഇതിനുവേണ്ടി സുപ്രീംകോടതിയിൽനിന്നുതന്നെ പ്രഗത്ഭരായ അഭിഭാഷകരെ എത്തിച്ച് ഹാജരാക്കാനാണ് ഉദ്ദേശിക്കുന്നത്.
പെരിയ ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് സിപിഎം ഇത് രണ്ടാംതവണയാണ് ഫണ്ട് പിരിവ് നടത്തുന്നത്. ആദ്യഘട്ട കേസ് നടത്തിപ്പിനായി 2021 നവംബർ, ഡിസംബർ മാസങ്ങളിൽ ഫണ്ട് പിരിവ് നടത്തിയിരുന്നു.
2019 ഫെബ്രുവരി 17 നാണ് കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാലും കൃപേഷും കൊല ചെയ്യപ്പെട്ടത്. ഇരട്ടക്കൊലപാതകവുമായി പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്നും പ്രാദേശികമായ വ്യക്തിവിരോധം മൂലം നടന്നതാണെന്നും പാർട്ടി നേതാക്കൾ പലതവണ ആവർത്തിക്കുമ്പോഴും പ്രതികൾക്കുവേണ്ടി കേസ് നടത്തുന്നതിന്റെ പൂർണ ചുമതല പാർട്ടി ഏറ്റെടുക്കുകയാണ്.
ശിക്ഷിക്കപ്പെട്ട പ്രതികളെ മുതിർന്ന പാർട്ടി നേതാക്കൾ തന്നെ ജയിലിലെത്തി കാണുകയും അവരുടെ വീടുകളിൽ ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണനും ജില്ലയിലെ രണ്ട് എംഎൽഎമാരുമടക്കമുള്ള നേതാക്കളെത്തി പാർട്ടി ഒപ്പമുണ്ടാകുമെന്ന ഉറപ്പ് ബന്ധുക്കൾക്ക് നല്കുകയും ചെയ്തിരുന്നു.
നേരത്തേ കെ.ടി. ജയകൃഷ്ണൻ വധക്കേസിലെ പ്രതികൾക്കുവേണ്ടി കേസ് നടത്താനും സിപിഎം വൻതോതിൽ ഫണ്ട് പിരിവ് നടത്തിയിരുന്നു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതികൾക്കുവേണ്ടി സുപ്രീംകോടതി വരെ കേസ് നടത്തി എല്ലാവരെയും വെറുതെ വിട്ടുകൊണ്ടുള്ള വിധി നേടിയെടുക്കുകയും ചെയ്തു.