പാക് അധീന കാഷ്മീര്‍ ഇല്ലാതെ ജമ്മു കാഷ്മീര്‍ അപൂര്‍ണം: പ്രതിരോധമന്ത്രി
Tuesday, January 14, 2025 9:57 PM IST
ശ്രീനഗര്‍: പാക് അധീന കാഷ്മീര്‍ ഇല്ലാതെ ജമ്മു കാഷ്മീര്‍ അപൂര്‍ണമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഡല്‍ഹിയേയും കാഷ്മീരിനേയും കേന്ദ്രസര്‍ക്കാര്‍ ഒരുപോലെയാണ് പരിഗണിക്കുന്നത് എന്നും പ്രതിരോധമന്ത്രി പറഞ്ഞു.
ഡല്‍ഹിയെ പോലെ തന്നെയാണ് കാഷ്മീരിനെയും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നത് എന്നതിന് തെളിവാണ് അഖ്നൂരിലെ വെറ്ററന്‍സിന്റെ സാന്നിധ്യം തെളിയിക്കുന്നത്. ഇന്ത്യയില്‍ ഇതുവരെ ഉണ്ടായിട്ടുള്ള സര്‍ക്കാരുകള്‍ ജമ്മു കാഷ്മീരിനെ വ്യത്യസ്തമായ രീതിയിലാണ് കൈകാര്യം ചെയ്തിരുന്നത്.
അതുകൊണ്ടുതന്നെ രാജ്യതലസ്ഥാനമായ ഡല്‍ഹിയുമായി ഉണ്ടായിരുന്നിരിക്കേണ്ട ബന്ധം ഇവിടുത്തെ സഹോദരീ-സഹോദരന്മാര്ക്ക് ലഭിക്കാതെപോയി. ഇനിയും അത് സംഭവിക്കാതിരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോഴും അവിടവിടെയായി ചില ചെറിയ വിള്ളലുകള്‍ നിലനില്‍ക്കുന്നുണ്ട്. അവ കൂടി പരിഹരിക്കാനും കൂട്ടിയോജിപ്പിക്കാനും നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വഹിക്കുന്ന പങ്ക് അഭിനന്ദനാര്‍ഹമാണ്. ജമ്മു കാഷ്മീലെ ജനങ്ങളെ ഇന്ത്യന്‍ സര്‍ക്കാരുമായി കൂടുതല്‍ അടുപ്പിക്കുന്നതില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വഹിക്കുന്ന പങ്ക് വലുതാണ്.
കാഷ്മീരിലെ ജനങ്ങള്‍ക്ക് രാജ്യത്തെ മറ്റെല്ലായിടങ്ങളിലെയും ജനങ്ങളുമായുള്ള ഹൃദയബന്ധം ദൃഢമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഹൃദയങ്ങള്‍ തമ്മിലുള്ള അകലം ഇല്ലാതാക്കുക എന്നതാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.