അമരക്കുനിയിൽ ഇറങ്ങിയ കടുവയെ വളഞ്ഞ് ദൗത്യ സംഘം
Tuesday, January 14, 2025 9:20 PM IST
കൽപ്പറ്റ: പുൽപ്പള്ളി അമരക്കുനിയിൽ ഇറങ്ങിയ കടുവയെ കൂട്ടിലാക്കാൻ നിർണായക നീക്കവുമായി ദൗത്യ സംഘം. ഊട്ടിക്കവലയ്ക്ക് സമീപത്ത് കടുവയുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിൽ ദൗത്യ സംഘം സ്ഥലം വളഞ്ഞിരിക്കുകയാണ്.
തെർമൽ ഡ്രോൺ നിരീക്ഷണത്തിൽ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട് ലക്ഷ്യമാക്കി നീങ്ങുകയാണെന്ന് ദൗത്യ സംഘം കണ്ടെത്തി. കടുവ നിലവിലുള്ളത് കാപ്പിത്തോട്ടത്തിലായതിനാൽ മയക്കുവെടി വയ്ക്കാൻ കഴിയാത്ത അവസ്ഥയാണ്.
അതിനാൽ കടുവയെ കൂട്ടിൽ കയറ്റാനുള്ള നീക്കമാണ് ദൗത്യ സംഘം നടത്തുന്നത്. ഊട്ടിക്കവലയ്ക്കടുത്ത് കടുവയെ കണ്ടെന്ന് നാട്ടുകാരിൽ ചിലർ വിവരമറിയിച്ചതിനെ തുടർന്ന് ദൗത്യസംഘം ഇവിടേക്ക് കുതിച്ചെത്തുകയായിരുന്നു.
വനംവകുപ്പും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നാലെ മയക്കുവെടി വെക്കാനുള്ള സംഘവും സ്ഥലത്തെത്തി. ഇതിനുപുറമേ പ്രദേശത്ത് നാലിടത്തായി കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്.
കടുവയെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചതോടെ പ്രദേശത്ത് കൂടുതൽ പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. ഇവിടേക്കുള്ള വാഹന ഗതാഗതവും നിരോധിച്ചു. സാഹചര്യം അനുകൂലമാണെങ്കിൽ കടുവയെ രാത്രിതന്നെ പിടികൂടുമെന്ന് ഡിഎഫ്ഒ പറഞ്ഞു.