ജാമ്യ വ്യവസ്ഥ ലംഘിച്ച കേസ്, പി.കെ.ഫിറോസിന് ആശ്വാസം; നടപടികൾ ഹൈക്കോടതി മരവിപ്പിച്ചു
Tuesday, January 14, 2025 8:21 PM IST
തിരുവനന്തപുരം: ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസിനെതിരെയുള്ള നടപടി ഹൈക്കോടതി തടഞ്ഞു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നടപടിയാണ് ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചത്.
മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകള്‍ നിയമസഭയിലേക്കു നടത്തിയ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണു ഫിറോസ്. ജാമ്യം അനുവദിച്ച സമയത്ത് പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം എന്നു കോടതി നിർദേശിച്ചിരുന്നു.
ജാമ്യവ്യവസ്ഥയുടെ ഭാഗമായി സമർപ്പിച്ച പാസ്പോർട്ട് ഫിറോസിന് തിരികെ നൽകിയിരുന്നു. എന്നാൽ കോടതി ഉത്തരവ് ലംഘിച്ചു ഫിറോസ് വിദേശത്തു പോയതായി പോലീസ് കോടതിയെ അറിയിച്ചു. ഫിറോസ് തുര്‍ക്കിയിലാണെന്ന് അഭിഭാഷകന് കോടതിയെ അറിയിച്ചതോടെ സിജെഎം കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
ഇതിനെതിരെ ഫിറോസ് സമർപ്പിച്ച ഹർജിയിലാണു ഹൈക്കോടതി നടപടി. കേസ് 23ന് വീണ്ടും പരിഗണിക്കും.