ദർശനപുണ്യമേകി തിരുവാഭരണം ചാർത്തി ദീപാരാധന; മകര ജ്യോതി ദർശിച്ച് ഭക്ത സഹസ്രങ്ങൾ, സന്നിധാനം ഭക്തിസാന്ദ്രം
Tuesday, January 14, 2025 6:44 PM IST
പത്തനംതിട്ട: ഭക്ത സഹസ്രങ്ങൾക്ക് ദർശന പുണ്യമേകി ശബരിമല ശ്രീകോവിലിൽ തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന നടന്നു. തൊട്ടുപിന്നാലെ മനംനിറച്ച് പൊന്നമ്പലമേട്ടിൽ മകര ജ്യോതി തെളിഞ്ഞു.
ആയിരക്കണക്കിനു ഭക്തരാണ് പൊന്നമ്പലമേട്ടിലെ ദിവ്യ ജ്യോജി ദർശിക്കാനായി സന്നിധാനത്തും വിവിധ വ്യൂ പോയിന്റുകളിലുമായി കാത്തുനിന്നിരുന്നത്. ഏറിയ പങ്കും ഇതര സംസ്ഥാന ഭക്തരായിരുന്നു ഇത്തവണ മകരവിളക്ക് മഹോത്സവത്തിന് ശബരിമലയിലെത്തിയത്. മകരവിളക്ക് മഹോത്സത്തിന് സമാപനമായതോടെ ഒരു തീർഥാടനകാലത്തിന്റെ പുണ്യവും പേറി അയ്യപ്പഭക്തര്‍ മലയിറങ്ങും.
തിരുവാഭരണങ്ങളും വഹിച്ച് പന്തളത്തുനിന്നു പുറപ്പെട്ട ഘോഷയാത്ര വൈകുന്നേരത്തോടെ ശരംകുത്തിയിലെത്തി. അവിടെ ആചാരപരമായ വരവേൽപ് നല്കി സന്നിധാനത്തേക്ക് ആനയിച്ചു. കൊടിമരച്ചുവട്ടില്‍ ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ചേര്‍ന്ന് തിരുവാഭരണങ്ങള്‍ സ്വീകരിച്ചു.
തുടർന്നു തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരുവാഭരണങ്ങള്‍ ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളിലേക്ക് എത്തിച്ചു. പിന്നീട് തിരുവാഭരണങ്ങള്‍ ചാര്‍ത്തി 6.40 ഓടെ മഹാദീപാരാധന നടന്നു. ഇതേ സമയം പൊന്നന്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു.
മകരവിളക്കിനുശേഷമുള്ള മടക്കയാത്രയ്ക്കായി എണ്ണൂറോളം കെഎസ്ആര്‍ടിസി ബസുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നു മന്ത്രി വി.എന്‍. വാസവന് അറിയിച്ചിട്ടുണ്ട്. പമ്പ, നിലയ്ക്കല്‍, പത്തനംതിട്ട, എരുമേലി എന്നിവിടങ്ങളിലായി എത്തിച്ചിട്ടുള്ള ബസുകള്‍ തീര്‍ഥാടകരുടെ തിരക്കിനനുസരിച്ച് പമ്പയില്‍നിന്നും നിലയ്ക്കല്നിന്നുമായി കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്കും അയല്‍ സംസ്ഥാനങ്ങളിലേക്കും യാത്ര നടത്തും.