ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കുക സർക്കാർലക്ഷ്യം: മുഖ്യമന്ത്രി
Tuesday, January 14, 2025 6:29 PM IST
കൊച്ചി: ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി സർവകലാശാലയിൽ തുടങ്ങിയ ദ്വിദിന രാജ്യാന്തര ഉന്നത വിദ്യാഭ്യാസ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുജിസി ചട്ടങ്ങൾ പാലിക്കാതെ രാജ്യത്തുടനീളം പ്രവർത്തിക്കുന്ന സ്വകാര്യ സർവകലാശാലകൾ പൊതു സർവകലാശാലകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയാണ്. ഇത് യുജിസിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട നിയമസഭകൾ രൂപീകരിച്ച നിയമങ്ങൾക്കനുസൃതമായാണ് സംസ്ഥാന സർവകലാശാലകൾ പ്രവർത്തിക്കുന്നത്. എന്നാൽ യുജിസിയുടെ നിയന്ത്രണങ്ങൾ ഈ സ്വയംഭരണത്തെ ദുർബലപ്പെടുത്തുന്നു. കേന്ദ്ര സർക്കാരും യുജിസിയും ഇത്തരം നടപടികളിൽ നിന്ന് വിട്ടുനിൽക്കണം.
അധ്യാപക നിയമനങ്ങൾക്കോ സമാനമായ കാര്യങ്ങൾക്കോ മിനിമം യോഗ്യതകൾ സ്ഥാപിക്കുന്നതിൽ എതിർപ്പില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.