പോക്സോ കേസിൽ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യമില്ല
Tuesday, January 14, 2025 3:24 PM IST
കൊച്ചി: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കൂട്ടിക്കൽ ജയചന്ദ്രനെതിരെ കേസെടുത്തത്.
കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടർന്ന് കോഴിക്കോട് കസബ പോലീസാണ് നടനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കുടുംബ തർക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രൻ കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസെടുത്തെങ്കിലും നടനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. അന്വേഷണം തുടരുന്നതിനിടെ നടൻ കോഴിക്കോട് പോക്സോ കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും ജൂലൈ 12ന് ജാമ്യാപേക്ഷ കോടതി തള്ളി. തുടര്‍ന്നാണ് മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ഗുരുതരമായ കേസാണെന്നും ജാമ്യം നൽകരുതെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നിർദേശം നല്‍കിയതിനെത്തുടർന്ന് പോലീസ് കുട്ടിയില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയിരുന്നു.