പത്തനംതിട്ട പോക്സോ കേസ്: ഒരാൾ കൂടി അറസ്റ്റിൽ, ആകെ പിടിയിലായത് 44 പേർ
Tuesday, January 14, 2025 2:17 PM IST
പത്തനംതിട്ട: പതിനെട്ടുകാരിയെ തുടര്‍ച്ചയായ ലൈംഗിക പീഡനത്തിന് വിധേയയായ സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. പത്തനംതിട്ട ടൗണ്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
കേസില്‍ നേരത്തെ പിടിയിലായ ദീപു എന്നയാള്‍ വഴിയാണ് ഇയാൾ പെണ്‍കുട്ടിയെ പരിചയപ്പെട്ടതെന്നും തുടര്‍ന്ന് ഇയാളും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഇതോടെ വിവിധ കേസുകളിലായി അറസ്റ്റിലായവരുടെ എണ്ണം 44 ആയി. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആകെ 58 പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇലവുംതിട്ട, പത്തനംതിട്ട, പന്തളം, മലയാലപ്പുഴ എന്നീ പോലീസ് സ്റ്റേഷനുകളിലായാണ് പെണ്‍കുട്ടിയുടെ മൊഴിപ്രകാരം കേസുകളുള്ളത്. പത്തനംതിട്ട പോലീസ് എടുത്ത ഒരു കേസ് തുടരന്വേഷണത്തിനായി തിരുവനന്തപുരം കല്ലമ്പലം പോലീസിന് കൈമാറി.
അറസ്റ്റ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണസംഘത്തിനു നിര്‍ദേശം നല്കി. രണ്ടുദിവസത്തിനുള്ളില്‍ കുറ്റാരോപിതരെ മുഴുവന്‍ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തും. നിലവില്‍ പ്രതിപ്പട്ടികയിലുള്ളവരില്‍ ഒരാള്‍ വിദേശത്താണ്. ഇയാള്‍ ഒഴികെ മറ്റ് എല്ലാവരെയും രണ്ടുദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യാനാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പത്തനംതിട്ട നഗര പ്രദേശങ്ങളിലും കൂട്ട ബലാത്സംഗത്തിനുള്‍പ്പെടെ ഇരയായതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളടക്കം പോലീസ് ശേഖരിച്ചുവരികയാണ്. മൊബൈല്‍ ഫോണുകളും മറ്റും പരിശോധിച്ച് വിശദമായ അന്വേഷണം തുടരുന്നതായി ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാര്‍ അറിയിച്ചു.