ബോബി ചെമ്മണ്ണൂരിന് ജാമ്യം നൽകാമെന്ന് ഹൈക്കോടതി, ഉത്തരവ് 3.30ന്
Tuesday, January 14, 2025 11:21 AM IST
കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപക്കേസിൽ റിമാൻഡിലായി ജയിലിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി.
ഉപാധികളോടെ ജാമ്യം നൽകാമെന്ന് കോടതി വാക്കൽ പരാമർശിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് 3.30ന് പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി. ബോബി നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.
ബോബിയുടെ ഭാഗത്തുനിന്നും ദ്വയാർഥ പ്രയോഗം ഉണ്ടായിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു. കേസ് പോലീസ് കെട്ടിച്ചമച്ചതാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. ഇതോടെ ദ്വയാർഥമല്ലെങ്കിൽ പിന്നെ അതിൽ എന്താണ് ഉള്ളതെന്നും കോടതി ചോദിച്ചു. പിന്നീട് വീഡിയോ ദൃശ്യങ്ങളടക്കം കോടതി പരിശോധിച്ചു.
സമൂഹത്തിന് പാഠമാകുന്ന തീരുമാനം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. ഇയാൾ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ ദ്വയാർഥ പ്രയോഗങ്ങൾ പലതവണ ആവർത്തിച്ചിരുന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
ഇതോടെ ബോബിയെ ഇനിയും കസ്റ്റഡിയിൽ ആവശ്യമുണ്ടോയെന്നും കോടതി ചോദിക്കുന്നു. കസ്റ്റഡി ആവശ്യമില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചതോടെയാണ് ജാമ്യം നൽകാമെന്ന് കോടതി വ്യക്തമാക്കിയത്.
എറണാകുളം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയിൽ ബോബി ചെമ്മണ്ണൂർ ജാമ്യാപേക്ഷ നൽകിയത്.