ആവേശപ്പോരിൽ ഒഡീഷയെ തകർത്തു; മഞ്ഞപ്പടയ്ക്ക് തകർപ്പൻ ജയം
Monday, January 13, 2025 10:04 PM IST
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡീഷ എഫ്സിയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് കൊമ്പന്മാരുടെ വിജയം.
ബ്ലാസ്റ്റേഴ്സിനായി ക്വാമി പെപ്ര (60-ാം മിനിറ്റ്), ഹെസൂസ് ഹിമെനെ (72-ാം മിനിറ്റ്), നോഹ സദൂയി (90+5) എന്നിവരാണ് ലക്ഷ്യം കണ്ടത്. ഒഡീഷ എഫ്സിയുടെ ഗോളുകൾ ജെറി മാവിമിംഗ്താംഗ(നാലാം മിനിറ്റ്), ഡോറിയെൽട്ടൻ (80-ാം മിനിറ്റ്) എന്നിവർ നേടി.
ആദ്യ പകുതിയിൽ എതിരില്ലാത്ത ഒരു ഗോളിന്റെ ലീഡ് നിലനിർത്താൻ ഒഡീഷയ്ക്ക് സാധിച്ചു. രണ്ടാം പകുതിയിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്. 60-ാം മിനിറ്റി ക്വാമെ പെപ്രാ വലചലിപ്പിച്ചു. പിന്നാലെ 73-ാം മിനിറ്റിൽ ജെസൂസ് ഹിമെനെസിന്റെ ഗോളിൽ ബ്ലാസ്റ്റേഴ്സ് 2-1ന് മുന്നിലെത്തി.
80-ാം മിനിറ്റിൽ ഡോറിയുടെ ഗോളിൽ ഒഡീഷ വീണ്ടും സമനില പിടിച്ചു. എന്നാൽ 83-ാം മിനിറ്റിൽ കാർലോസ് ഡെൽഗാഡോ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ഒഡീഷയ്ക്ക് തിരിച്ചടിയായി. 10 പേരായി ചുരുങ്ങിയ ഒഡീഷൻ പ്രതിരോധം തകർത്ത് ഇഞ്ചുറി ടൈമിൽ 95-ാം മിനിറ്റിൽ നോഹ സദുയിയുടെ ഗോൾ പിറന്നു.
ഇതോടെ 3-2ന് ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കി. വിജയത്തോടെ 16 കളികളിൽ നിന്ന് 20 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തേക്ക് കയറി. സീസണിലെ അഞ്ചാം തോൽവി വഴങ്ങിയ ഒഡീഷ 21 പോയിന്റുമായി ഏഴാം സ്ഥാനത്തു തുടരുന്നു.