ലോഡ്ജ് മുറിയില്‍ വീട്ടമ്മ കൊല്ലപ്പെട്ട കേസ്; കൊല ആസൂത്രിതമായി നടത്തിയത്
Monday, January 13, 2025 9:48 PM IST
തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജ് മുറിയില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പേയാട് ചെറുപാറ എസ്.ആർ. ഭവനില്‍ സുനില്‍ കുമാറിന്റെ ഭാര്യ ആശ (42)നെ സുഹൃത്തായ കുമാർ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
വീട്ടമ്മയെ കൊലപ്പെടുത്താൻ മുൻകൂട്ടി തീരുമാനിച്ച ശേഷമാണ് സ്വകാര്യ ടിവി ചാനലിലെ അസിസ്റ്റന്റ് ക്യാമറാമാനായ സി.കുമാർ (52) ലോഡ്ജില്‍ മുറിയെടുത്തത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതിനായി കുമാർ ചെറുതും വലുതുമായ മൂന്നു കത്തികള്‍ വാങ്ങിയിരുന്നെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പാങ്ങോട് മിലിട്ടറി ക്യാമ്പിലെ കരാർ തൊഴിലാളിയാണ് ആശ. ആശയുടെ ഭർത്താവ് സുനില്‍കുമാർ കെട്ടിട നിർമാണ തൊഴിലാളിയാണ്. ഇവർക്ക് രണ്ട് മക്കളുണ്ട്. കുമാർ ഭാര്യയുമായി പിരിഞ്ഞു നാലു വർഷത്തിലേറെയായി ആലന്തറക്കോണത്ത് ഒറ്റയ്ക്കാണു താമസം.
ഏക മകൻ ഭാര്യയുടെ അച്ഛന്റെയും അമ്മയുടെയും സംരക്ഷണയിലാണ്. ഇതിനിടെയാണ് ഇയാള്‍ ആശയുമായി അടുപ്പം സ്ഥാപിക്കുന്നത്. എന്നാല്‍ ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അധികമാർക്കും അറിയുമായിരുന്നില്ല.
കെഎസ്ആർടിസി ടെർമിനലിനു സമീപത്തെ കൊടിയില്‍ ടൂറിസ്റ്റ് ഹോമിലെ മുറിയിലാണ് ആശയെ കൊലപ്പെടുത്തിയ ശേഷം കുമാർ ജീവനൊടുക്കിയത്. ആശയെ കഴുത്തിനു കുത്തേറ്റ നിലയിലും കുമാറിനെ ഫാനില്‍ തൂങ്ങിയ നിലയിലുമാണു കണ്ടെത്തിയത്.
ആശയുടെ കഴുത്തില്‍ നാലു തവണ കുത്തേറ്റ പാടുണ്ട്. വെള്ളിയാഴ്ച്ച വൈകുന്നേരമാണ് കുമാർ ലോഡ്ജില്‍ മുറിയെടുത്തത്. ശനിയാഴ്ച്ച രാവിലെയാണ് ആശ ലോഡ്ജില്‍ എത്തിയത്. പിന്നീട് ഇവർ പുറത്തിറങ്ങിയിട്ടില്ല.
ജോലിക്കുപോയ ആശ തിരിച്ചെത്താത്തതിനാല്‍ ഭർത്താവ് സുനില്‍ സഹപ്രവർത്തകരോട് അന്വേഷിച്ചപ്പോള്‍ ആശ അവധിയാണെന്ന് അറിഞ്ഞു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.