ആര്യാടൻ ഷൗക്കത്ത് മത്സരിച്ചാൽ പിന്തുണയ്ക്കും, വിജയം ഉറപ്പില്ല: പി.വി.അൻവർ
Monday, January 13, 2025 9:31 PM IST
തിരുവനന്തപുരം: നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി വി.എസ്.ജോയി മത്സരിച്ചാൽ 30000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പി.വി.അൻവർ. ആര്യാടൻ ഷൗക്കത്ത് മത്സരിച്ചാൽ നൂറുശതമാനം പിന്തുണയ്ക്കും.
എന്നാൽ വിജയം ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ജോയിക്കുവേണ്ടി എങ്ങനെ പണിയെടുക്കുന്നോ അതുപോലെ ഷൗക്കത്തിനായും പണിയെടുക്കും. വോട്ട് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് വോട്ടർമാരാണ്. ഷൗക്കത്തുമായി ഒരു പ്രശ്നവുമില്ല.
അദ്ദേഹം അടുത്ത സുഹൃത്തും ബന്ധുവുമാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പിണറായിസത്തിന്റെ അവസാന ആണിയാണ് അടിക്കാൻപോകുന്നത്. യുഡിഎഫ് അനുവദിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പിണറായി വിജയനെതിരെയും മത്സരിക്കും. ഉറച്ച കോട്ടകളൊക്കെ പണ്ടായിരുന്നു.
ഇളക്കം തട്ടില്ല, തൊടാന്‍ പറ്റില്ല എന്നുപറയുന്ന കാലമൊക്കെ കഴിഞ്ഞു. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലായിക്കഴിഞ്ഞു. ഇപ്പോഴുള്ളതെല്ലാം ഇളകിയ കോട്ടകളാണ്. അടിത്തറ ഇളകിയ കോട്ടകള്‍. പിണറായിയെ താഴെയിറക്കാനുള്ള പോരാട്ടത്തിനാണ് യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതെന്നും അൻവർ പറഞ്ഞു.