400 കിലോയുള്ള അച്ചിണി സ്രാവ് ചൂണ്ടയിൽ കുടുങ്ങി
Monday, January 13, 2025 6:29 PM IST
തിരുവനന്തപുരം: ചൂണ്ടയിൽ കുരുങ്ങിയ 400 കിലോയുള്ള അച്ചിണി സ്രാവിനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ മത്സ്യത്തൊഴിലാളികൾ കരയ്ക്കെത്തിച്ചു. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളിയായ ക്രിസ്റ്റഫറിന്റെ ചൂണ്ടയിലാണ് അച്ചിണി സ്രാവ് കുടുങ്ങിയത്.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വള്ളക്കാരുമായി സ്രാവ് കുറേ ദൂരം പാഞ്ഞുവെങ്കിലും ഒടുവിൽ തൊഴിലാളികൾ കീഴടക്കി കരയിലെത്തിക്കുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന അഞ്ച് പേർ ചേർന്ന് സ്രാവിനെ വള്ളത്തിൽ നിന്ന് ഇറക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ കൂടുതൽ മത്സ്യത്തൊഴിലാളികൾ എത്തിയാണ് ഇതിനെ കരയ്ക്കിറക്കിയത്.
നാൽപ്പതിനായിരം രൂപയിൽ തുടങ്ങിയ ലേലം വിളി എൺപതിനായിരത്തോളം രൂപയിലെത്തിയാണ് അവസാനിച്ചതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. 79,400 രൂപ വരെ മത്സരിച്ച് ലേലം വിളി നടന്നു. അച്ചിണി സ്രാവിനെ കാണാറുണ്ടെങ്കിലും ചൂണ്ടയിൽ കുരുങ്ങുന്നത് അപൂർവമാണെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.