ഉന്നത വിദ്യാഭ്യാസ കോൺക്ലേവ്; ഡോ.സിസ തോമസിനെ ഒഴിവാക്കി
Monday, January 13, 2025 6:13 PM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരും ഉന്നത വിദ്യാഭ്യാസ കൗൺസിലും സംയുക്തമായി കൊച്ചിയിൽ നടത്തുന്ന ഉന്നത വിദ്യാഭ്യാസ കോൺക്ലേവിൽ നിന്ന് ഡിജിറ്റൽ സർവകലാശാല വിസി ഡോ.സിസ തോമസിനെ ഒഴിവാക്കി. ഉന്നത വിദ്യാഭ്യാസ മേഖലയെ രാജ്യാന്തര തലത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ 14,15 തീയതികളിലാണ് കോൺക്ലേവ് നടത്തുന്നത്.
എംജി വിസി സി.അരവിന്ദ് കുമാർ, മുൻ വിസിമാരായിരുന്ന ഡോ. സാബു തോമസ്, ഡോ. ഗോപിനാഥ് രവീന്ദ്രൻ, എം.വി.നാരായണൻ, പി.ജി.ശങ്കരൻ, ഗംഗൻ പ്രതാപ്, സജി ഗോപിനാഥ് കൂടാതെ എസ്എഫ്ഐ പ്രസിഡന്റ് അനുശ്രീ എന്നിവരെ ഉൾപ്പെടുത്തിയിരിക്കുമ്പോഴാണു ഡിജിറ്റൽ സർവകലാശാല വിസിയെ ഒഴിവാക്കിയത്.
വിദേശ സർവകലാശാല പ്രതിനിധികൾ പങ്കെടുക്കുന്ന വിവിധ സെഷനുകളിൽ നിലവിലെ വിസിമാർക്ക് അപ്രധാനമായ സെഷനുകളിൽ പങ്കെടുക്കാൻ അവസരം നൽകിയപ്പോൾ മുഖ്യസെഷനുകളിൽ മുൻ വിസിമാരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഡിജിറ്റൽ സർവകലാശാലയുടെ പ്രവർത്തനങ്ങൾ പരിചയപെടുത്തുന്നതിന്റെ ഭാഗമായുള്ള സ്റ്റാൾ കോൺക്ലേവിൽ ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ വച്ച് നടന്ന ദക്ഷിണേന്ത്യയിലെ വിസിമാരുടെ കൺവൻഷനിൽ മുഖ്യ മൂന്നു പ്രാസംഗികരിൽ ഒരാളായിരുന്നു ഡോ.സിസ തോമസ്.