അൻവറിന്റെ ആരോപണങ്ങൾ ദുരുദ്ദേശപരം; നിയമനടപടി സ്വീകരിക്കുമെന്ന് പി. ശശി
Monday, January 13, 2025 4:41 PM IST
തിരുവനന്തപുരം: പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതവും ദുരുദ്ദേശത്തോട് കൂടിയുള്ളതുമാണെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി. പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കാന്‍ താൻ ആവശ്യപ്പെട്ടുവെന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും അത്തരമൊരു സംഭവമെ ഉണ്ടായിട്ടില്ലെന്നും ശശി പറഞ്ഞു.
പുതിയ രാഷ്ട്രീയ അഭയം ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള ഗൂഢാലോചനയാണ് അന്‍വര്‍ ഇന്ന് പത്രസമ്മേളനത്തില്‍ അവതരിപ്പിച്ചത്. നിലനില്‍പ്പിനുവേണ്ടി പ്രതിപക്ഷ നേതാവിനോട് മാപ്പ് ചോദിക്കുന്നതിനായി തന്റെ മുന്‍കാല ചെയ്തികളുടെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനാണ് അന്‍വര്‍ ശ്രമിക്കുന്നത്.
നുണപറഞ്ഞും നുണപ്രചരിപ്പിച്ചും മാത്രം നിലനില്ക്കാന് കഴിയുന്ന പരമദയനീയമായ അവസ്ഥയിലാണ് അന്‍വര്‍ എത്തിയിരിക്കുന്നത്. ഇതിനുമുമ്പും തികച്ചും അവാസ്തവവും സത്യവിരുദ്ധവുമായ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് തനിക്കെതിരെ അന്‍വര്‍ രംഗത്തെത്തിയിരുന്നു.
വ്യാജ ആരോപണങ്ങള്‍ക്കെതിരെ താന്‍ നിയമനടപടി സ്വീകരിക്കുകയും കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും പ്രസ്തുത കേസില്‍ അന്‍വറിനോട് നേരിട്ട് ഹാജരാവാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഒന്ന് പോലും തെളിയിക്കാന്‍ കഴിയത്തതിന്റെ ജാള്യതയിൽ വീണ്ടും വീണ്ടും ആരോപണങ്ങള്‍ ഉന്നയിച്ച് സ്വയം പരിഹാസ്യനാവുകയാണ് അന്‍വര്‍.
അന്‍വറിന്റെ ഈ ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ശശി കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ 150 കോടി കടത്തിയെന്ന ആരോപണമുന്നയിച്ചത് ശശി പറഞ്ഞിട്ടാണെന്ന് അന്‍വര്‍ വെളിപ്പെടുത്തിയിരുന്നു.