ചാമ്പ്യൻസ് ട്രോഫി: ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു, കമ്മിൻസ് നയിക്കും
Monday, January 13, 2025 10:59 AM IST
മെല്‍ബണ്‍: ചാമ്പ്യൻസ് ട്രോഫിക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. പാറ്റ് കമ്മിൻസിന്റെ നായകത്വത്തിലുള്ള 15 അംഗ പ്രാഥമിക ടീമിനെയാണ് പ്രഖ്യാപിച്ചത്. 2023ലെ ഏകദിന ലോകകപ്പ് ജയിച്ച ടീമില്‍ മൂന്ന് മാറ്റങ്ങൾ മാത്രം വരുത്തിയാണ് ഓസീസ് എത്തുന്നത്.
വിരമിച്ച ഓപ്പണര്‍ ഡേവിഡ് വാര്‍ണർ, പരിക്കേറ്റ ഓള് റൗണ്ടര്‍ കാമറൂൺ ഗ്രീൻ, പേസര്‍ ഷോണ്‍ ആബട്ട് എന്നിവർ പുറത്തായപ്പോൾ മാറ്റ് ഷോർട്ട്, ആരോണ്‍ ഹാര്‍ഡി, പേസര്‍ നഥാന്‍ എല്ലിസ് എന്നിവർ 15 അംഗ ടീമില്‍ ഇടം നേടി.
ചാമ്പ്യൻസ് ട്രോഫിയില്‍ ഫെബ്രുവരി 22ന് ലാഹോറില്‍ ഇംഗ്ലണ്ടിനെതിരെയാണ് ഓസ്ട്രേലിയയുടെ ആദ്യ മത്സരം. 25ന് റാവൽപിണ്ടിയിൽ ദക്ഷിണാഫ്രിക്കയെയും 28ന് ലാഹോറിൽ അഫ്ഗാനിസ്ഥാനെയും ഓസീസ് നേരിടും.
ചാമ്പ്യൻസ് ട്രോഫിക്കുള്ള ഓസ്ട്രേലിയൻ സ്ക്വാഡ്: പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), അലക്സ് കാരി, നഥാൻ എല്ലിസ്, ആരോൺ ഹാർഡി, ജോഷ് ഹേസിൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാർനസ് ലബുഷെയ്ൻ, മിച്ചൽ മാർഷ്, ഗ്ലെൻ മാക്സ്വെൽ, മാറ്റ് ഷോർട്ട്, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മാർക്കസ് സ്റ്റോയ്നിസ്, ആദം സാംപ.