പോരാട്ടം തുടങ്ങിയത് പിണറായിസത്തിനെതിരെ; രാജി മമതയുടെ നിര്‍ദേശപ്രകാരമെന്ന് അന്‍വര്‍
Monday, January 13, 2025 10:40 AM IST
തിരുവനന്തപുരം: താന്‍ രാജിവച്ചത് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ മാനര്‍ജിയുടെ നിര്‍ദേശപ്രകാരമെന്ന് പി.വി.അന്‍വര്‍. കോൽക്കത്തയിലെത്തി മമതയുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചു. രാജിവച്ച് പോരാട്ടത്തിനിറങ്ങാന്‍ മമത പറഞ്ഞെന്നും അന്‍വര്‍ പ്രതികരിച്ചു.
സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറിയ ശേഷം തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അൻവർ. വന്യജീവി ആക്രമണം തൃണമൂല്‍ നേതൃത്വത്തെ അറിയിച്ചു. പ്രശ്നം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് തൃണമൂല്‍ നേതാക്കള്‍ ഉറപ്പ് നല്കി. മലയോര മേഖലയിലെ ജനങ്ങള്‍ക്കായി പോരാടാന്‍ പാര്‍ട്ടി നേതൃത്വം പറഞ്ഞു.
താന്‍ പോരാട്ടം തുടങ്ങിയത് പിണറായിസത്തിനെതിരെയാണ്. ഇതിന് പിന്തുണ നല്കിയ പൊതുജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നെന്നും അന്‍വര്‍ പറഞ്ഞു. ചില ഗുരുതര വിഷയങ്ങള്‍ അറിയിച്ചപ്പോള്‍ പിണറായി അവജ്ഞയോടെ തള്ളി.
അപ്പോള്‍ മനസിലായി കാര്യങ്ങള്‍ നില്‍ക്കുന്നത് അദ്ദേഹത്തിന്റെ കുടുംബത്തിലാണെന്ന്. ഒരുപാട് പാപഭാരങ്ങള്‍ ചുമന്ന ആളാണ് താനെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.