മഹാകുംഭമേളയ്ക്ക് ഇന്നു തുടക്കം; 35 കോടി തീർഥാടകരെത്തുമെന്ന് പ്രതീക്ഷ
Monday, January 13, 2025 9:00 AM IST
ലക്നോ/പ്രയാഗ്രാജ്: ഉത്തർപ്രദേശിൽ ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമഭൂമിയിൽ മഹാകുംഭമേളയ്ക്ക് ഇന്നു പൗഷ് പൂര്ണിമസ്നാനത്തോടെ തുടക്കമാകും. 65 രാജ്യങ്ങളിൽനിന്നുള്ള തീർഥാടകരെ പ്രതീക്ഷിക്കുന്ന മഹാകുംഭമേളയ്ക്ക് അടുത്തമാസം 26ന് മഹാശിവരാത്രിയോടെ സമാപനം കുറിക്കും.
മൂന്നുവർഷത്തിലൊരിക്കൽ എന്ന കണക്കിൽ നാല് വ്യത്യസ്ത ഇടങ്ങളിലാണ് കുംഭമേളകളെങ്കിൽ പന്ത്രണ്ടുവർഷത്തിലൊരിക്കൽ പ്രയാഗ്രാജിൽ മാത്രമാണ് മഹാകുംഭമേള. വിശ്വാസികളുടെ സംഗമം എന്നതിനപ്പുറം 144 വര്‍ഷത്തിനിടെ ആദ്യമായി ആകാശത്ത് ഏഴ് ഗ്രഹങ്ങള്‍ നേര്‍രേഖയില്‍ അണിനിരക്കുന്ന വേളയിലാണ് ഇത്തവണത്തെ മഹാകുംഭമേള.
ഇത്തവണ 35 കോടി തീർഥാടകരെ പ്രതീക്ഷിക്കുന്നതായി യുപി ചീഫ് സെക്രട്ടറി മനോജ് കുമാർ സിംഗ് പറഞ്ഞു. 45 ദിവസം നീളുന്ന മഹാകുംഭമേളയ്ക്കായി സംസ്ഥാനസർക്കാർ 7000 കോടിയിലേറെ രൂപയാണു നീക്കിവച്ചിരിക്കുന്നത്. ഏറ്റവുമൊടുവിൽ നടന്ന കുംഭമേളയിൽ ശുചിത്വത്തിനാണു പ്രാമുഖ്യം നൽകിയിരുന്നതെങ്കിൽ ഇത്തവണ ശുചിത്വത്തിനൊപ്പം സുരക്ഷയും ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ സേവനമാണ് മറ്റൊരു പ്രത്യേകത. 2019ൽ നടന്ന കുംഭമേളയിൽ 24 കോടി തീർഥാടകർ പങ്കെടുത്തുവെന്നാണ് കണക്ക്. ഇത്തവണ മഹാകുംഭമേളയിൽ ഇത് 35 കോടിയിലധികമാകുമെന്നാണു പ്രതീക്ഷ. ഇത്തവണ നാലായിരം ഹെക്ടർ ഭൂമിയാണ് മഹാകുംഭമേളയ്ക്കായി ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞവർഷം 3200 ഹെക്ടർ ഭൂമിയായിരുന്നു. 12 കിലോമീറ്ററോളം ദൈർഘ്യത്തിലാണ് കുടിലുകൾ സ്ഥാപിച്ചിരിക്കുന്നത്. 1850 ഹെക്ടർ സ്ഥലം പാർക്കിംഗിനായി നീക്കിവച്ചിരിക്കുന്നു. 1.50 ലക്ഷം ശുചിമുറികൾ ഇത്തവണ സജ്ജീകരിച്ചിട്ടുണ്ട്.
55 പോലീസ് സ്റ്റേഷൻ പരിധികളിലായി 45,000 പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കുന്നതിനുവരെ സംവിധാനം ഉണ്ടാകും. മഹാകുംഭമേള നടക്കുന്ന സ്ഥലങ്ങളിൽ സുരക്ഷയ്ക്കായി മൂവായിരത്തിലധികം കാമറകളും സജ്ജീകരിക്കും.