ഡൽഹി തെരഞ്ഞെടുപ്പ്: ഒരു സ്ഥാനാർഥിയെ കൂടി പ്രഖ്യാപിച്ച് ബിജെപി
Sunday, January 12, 2025 11:30 PM IST
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഡൽഹിയിൽ ഒരു സ്ഥാനാർഥിയെ കൂടി പ്രഖ്യാപിച്ച് ബിജെപി. മുസ്തഫാബാദ് മണ്ഡലത്തിലെ സ്ഥാനാർഥിയെയാണ് ബിജെപി പ്രഖ്യാപിച്ചത്.
മുതിർന്ന നേതാവും കരാവൽ നഗറിലെ എംഎൽഎയുമായ മോഹൻ സിംഗ് ബിഷ്ടാണ് മുസ്തഫാബാദ് മണ്ഡലത്തിലെ സ്ഥാനാർഥി. കരാവൽ നഗറിൽ കപിൽ മിശ്രയാണ് ബിജെപിക്ക് വേണ്ടി മത്സരിക്കുന്നത്.
കപിൽ മിശ്രയെ കരാവൽ നഗരിൽ മത്സരിപ്പിക്കുന്നതിനെതിരെ മോഹൻ സിംഗ് ബിഷ്ട് ഇന്ന് രംഗത്ത് വന്നിരുന്നു. തെറ്റായ തീരുമാനം എന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഇടഞ്ഞ് നിന്ന മോഹൻ സിംഗിനെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയാണ് അനുനയിപ്പിച്ചത്.
ആദ്യ രണ്ട് പട്ടികയിലായി 58 സ്ഥാനാർഥികളെ പ്രഖ്യാപിച്ച ബിജെപിയുടെ സ്ഥാനാർഥികളുടെ എണ്ണം ഇതോടെ 59 ആയി. ഫെബ്രുവരി അഞ്ചിനാണ് ഡൽഹിയിൽ വോട്ടെടുപ്പ്. എട്ടിനാണ് വോട്ടെണ്ണൽ.