കരുൺ നായർക്ക് തുടർച്ചയായ നാലാം സെഞ്ചുറി; രാജസ്ഥാനെ തോല്‍പ്പിച്ച് വിദര്‍ഭ സെമിയിൽ
Sunday, January 12, 2025 6:31 PM IST
വഡോദര: വിജയ് ഹസാരെ ട്രോഫിയിൽ സെമിയിലെത്തി വിദർഭ. ക്വാർട്ടറിൽ രാജസ്ഥാനെ ഒന്‍പത് വിക്കറ്റിന് തോൽപ്പിച്ചു. രാജസ്ഥാൻ ഉയർത്തിയ 293 റൺസ് വിജയലക്ഷ്യം വിദർഭ 43.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു.
മിന്നുന്ന ഫോമിലുള്ള നായകൻ കരുൺ നായരും ധ്രുവ് ഷോരയും വിദർയ്ക്ക് വേണ്ടി സെഞ്ചുറി നേടി. കരുണ്‍ നായര്‍ 122 റൺസും ധ്രുവ് ഷോരെ 118 റൺസും നേടി. 39 റൺസ് നേടിയ യാഷ് റാത്തോഡിന്റെ വിക്കറ്റ് മാത്രമാണ് വിദർഭയ്ക്ക് നഷ്ടമായത്. തുടർച്ചയായ നാലാം മത്സരത്തിലാണ് കരുൺ സെഞ്ചുറി നേടുന്നത്.
ഉത്തർപ്രദേശിനെതിരെയും, തമിഴ്നാടിനെതിരെയും, ചണ്ഡിഗഡിനെതിരെയും കരുൺ സെഞ്ചുറി നേടിയിരുന്നു. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ജമ്മുകാഷ്മീരിനെതിരെയും താരം സെഞ്ചുറി നേടിയിരുന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന് 292 റണ്‍സ് വിജലക്ഷ്യമാണ് മുന്നോട്ടുവച്ചത്. 62 റണ്‍സ് നേടിയ കാര്‍ത്തിക് ശര്‍മയാണ് ടോപ് സ്കോറര്‍. യഷ് താക്കൂര്‍ നാല് വിക്കറ്റ് നേടി.
കാര്‍ത്തിക് ശര്‍മയ്ക്ക് പുറമെ ശുഭം ഗര്‍വാള്‍ (59), ദീപക് ഹൂഡ (45) എന്നിവരുടെ ഇന്നിംഗ്സുകളാണ് രാജസ്ഥാനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. മഹിപാല്‍ ലോംറോര്‍ (32), ദീപക് ചാഹര്‍ (31) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. യഷ് താക്കൂര്‍ വിദര്‍ഭയ്ക്ക് വേണ്ടി നാല് വിക്കറ്റ് നേടി.
16ന് നടക്കുന്ന സെമി ഫൈനലില്‍ മഹാരാഷ്ട്രയാണ് വിദര്‍ഭയുടെ എതിരാളി.