ഡൽഹി തെരഞ്ഞെടുപ്പ്: കപിൽ മിശ്രയെ കരാവൽ നഗറിലെ ബിജെപി സ്ഥാനാർഥിയാക്കിയത് തെറ്റായ തീരുമാനമെന്ന് മോഹൻ സിംഗ് ബിഷ്ട്
Sunday, January 12, 2025 4:21 PM IST
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ കരാവൽ നഗറിൽ കപിൽ മിശ്രയെ ബിജെപി സ്ഥാനാർഥിയാക്കിയതിനെതിരെ സിറ്റിംഗ് എംഎൽഎയും മുതിർന്ന ബിജെപി നേതാവുമായ മോഹൻ സിംഗ് ബിഷ്ട്. തെറ്റായ തീരുമാനം എന്നാണ് കപിൽ മിശ്രയെ സ്ഥാനാർഥിയാക്കിയതിനെ കുറിച്ച് മോഹൻ സിംഗ് ബിഷ്ട് പ്രതികരിച്ചത്.
ശനിയാഴ്ച പുറത്തിറങ്ങിയ ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർഥിപട്ടികയിലാണ് കപിൽ മിശ്രയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. മണ്ഡലത്തിൽ ആരെ നിർത്തിയാലും വിജയിക്കാമെന്ന പാർട്ടിയുടെ ധാരണ തെറ്റാണെന്നും മിശ്രയ്ക്ക് അവിടെ നിന്ന് വിജയിക്കാനാകില്ലെന്നും മോഹൻ സിംഗ് പറഞ്ഞു. താൻ മറ്റൊരു സീറ്റിലും മത്സരിക്കില്ലെന്നും മോഹൻ സിംഗ് വ്യക്തമാക്കി.
ജനുവരി 17ന് മുന്പ് കരാവൽ നഗറിൽ നിന്ന് മത്സരിക്കുന്നതിനുള്ള നാമനിർദേശക പത്രിക സമർപ്പിക്കുമെന്നും മോഹൻ സിംഗ് അറിയിച്ചു. 2020 ലെ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിയിലെ ദുർഗേഷ് പതക്കിനെ തോൽപ്പിച്ചാണ് മോഹൻ സിംഗ് ബിഷ്ട് നിയമസഭയിലെത്തിയത്.
എന്നാൽ മണ്ഡലത്തിൽ നിന്ന് മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച കപിൽ മിശ്ര പറഞ്ഞത്.