കലൂര്‍ സ്റ്റേഡിയത്തിലെ പിച്ച് മോശം നിലയില്‍; ആശങ്ക വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്
Saturday, January 11, 2025 7:23 PM IST
കൊച്ചി: കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പിച്ച് വളരെ മോശം നിലയിലാണുള്ളതെന്ന് കേരള ബ്ലാസ്റ്റേഴ്സ്. തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഐഎസ്എല്‍ മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് അധികൃതര്‍ ആശങ്ക അറിയിച്ചത്.
ഗ്രൗണ്ടില്‍ കായിക ഇതര പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ പിച്ച് പൂര്‍ണമായും നശിക്കുന്ന അവസ്ഥയാണുണ്ടാകുന്നത്. അത് അംഗീകരിക്കാനാവില്ല. ഇത്തരമൊരും സാഹചര്യം ഉണ്ടാകുന്നത് തടയുന്നതിനായുള്ള നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും ബ്ലാസ്റ്റേഴ്സ് ചൂണ്ടിക്കാട്ടി.
വലിയ തുക ചെലവഴിച്ചാണ് ഗ്രൗണ്ടില്‍ മത്സരയോഗ്യമായ പിച്ച് തയാറാക്കുന്നതും കൃത്യമായ പരിചരണത്തിലൂടെ നിലനിര്‍ത്തുന്നതും. മോശമായാല്‍ പിച്ച് വീണ്ടും തയാറാക്കുന്നതിനും ഏറെ തുക ആവശ്യമാണ്. അതിനാല്‍ ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ല എന്നും ബ്ലാസ്റ്റേഴ്സ് അധികൃതര്‍ വ്യക്തമാക്കി.
അടുത്തിടെ കലൂർ സ്റ്റേഡിയത്തിൽ നിരവധി ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് നൃത്ത പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിക്കിടെയാണ് ഉമ തോമസ് എംഎൽഎ വീണ് ഗുരുതരമായി പരിക്കേറ്റത്.