പിണറായിയെ പുകഴ്ത്തി, ഇപിയെ വിമർശിച്ച് സംഘടനാചർച്ച; സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം നാളെ സമാപിക്കും
Saturday, January 11, 2025 6:27 PM IST
ഹരിപ്പാട്: സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ സംഘടനാ ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനെയും പുകഴ്ത്തിയ പ്രതിനിധികൾ മുൻ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെതിരേ രൂക്ഷ വിമർശനം ഉയർത്തി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പുദിവസം ഇ.പി. ജയരാജൻ വാർത്താ സമ്മേളനം നടത്തിയത് പാർട്ടിയെ പ്രതിരോധത്തിലാക്കി.
കണ്ണൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ ഉചിതമായ നടപടി സ്വീകരിച്ച പാർട്ടി പക്ഷേ, ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ചായ സത്ക്കാരത്തിൽ പങ്കെടുത്ത ഇ.പി.ജയരാജനെതിരേ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല എന്ന വിമർശനവും ഉയർത്തി. മുഖ്യമന്ത്രിയെയും കുടുംബത്തെയും വേട്ടയാടി സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള നീക്കങ്ങളെ പാർട്ടി ഒറ്റക്കെട്ടായി പ്രതിരോധിക്കണം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ വോട്ട് ചോർച്ചയും ബിജെപിയിലേക്കുള്ള പ്രവർത്തകരുടെ കൊഴിഞ്ഞുപോക്കും ഗൗരവമായി കാണണം.
ചില പോലീസ് ഉദ്യോഗസ്ഥരുടെ നടപടികൾ സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കുകയാണെന്നും ഇത്തരക്കാർക്കെതിരേ കർശന നടപടി വേണമെന്നും പ്രതിനിധികൾ സംഘടനാ ചർച്ചയിൽ ആവശ്യപ്പെട്ടു. മന്ത്രി വീണാ ജോർജിനെതിരേയും ആരോഗ്യവകുപ്പിനെതിരേയും വിമർശനം ഉയർന്നു.എന്നാൽ മന്ത്രി സജി ചെറിയാന്റെ നിലപാടുകളെ പ്രതിനിധികൾ പിന്തുണച്ചു.
ഇതിനിടയിൽ കായംകുളം, അമ്പലപ്പുഴ, ചെങ്ങന്നൂർ ഉൾപ്പെടെയുള്ള ഏരിയ കമ്മിറ്റികളുടെ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതൃപ്തി രേഖപ്പെടുത്തി. ആലപ്പുഴ ജില്ലയിലെ പാർട്ടിക്കുള്ളിലെ വിഭാഗീയത അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പും മുഖ്യമന്ത്രി പിണറായി വിജയൻ നൽകി. തെരഞ്ഞെടുപ്പിലെ വോട്ടുചോർച്ചയിൽ താഴേത്തട്ടു മുതലുള്ള പാർട്ടിഘടകങ്ങളിൽ പരിശോധന നടത്താത്തതിലെ അതൃപ്തിയും പിണറായി പങ്കുവച്ചു.