ഗൗരി ലങ്കേഷ് വധക്കേസിൽ അവസാന പ്രതിക്കും ജാമ്യം
Saturday, January 11, 2025 3:10 PM IST
ബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസിൽ കസ്റ്റഡിയിലുള്ള അവസാന പ്രതി ശരദ് ഭൗസാഹേബ് കലാസ്കറിനും ബംഗളൂരു കോടതി ജാമ്യം അനുവദിച്ചു. ഗൗരി ലങ്കേഷ് 2017 സെപ്റ്റംബർ അഞ്ചിനാണ് ബംഗളൂരുവിലെ വസതിക്ക് പുറത്ത് വെടിയേറ്റു മരിച്ചത്.
പ്രിൻസിപ്പൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് ജഡ്ജി ബി. മുരളീധര പൈയാണ് ബുധനാഴ്ച ഏറ്റവും പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. കേസിലെ 16 കൂട്ടുപ്രതികളെ ജാമ്യത്തിൽ വിട്ടയച്ചതിനെ ഉദ്ധരിച്ച് കലാസ്കറിന്റെ നീണ്ട തടങ്കൽ ന്യായരഹിതമാണെന്ന് പ്രതിഭാഗം വാദിച്ചിരുന്നു.
കേസിലെ 18 കൂട്ടുപ്രതികളിൽ 16 പേരും ഇതിനകം ജാമ്യത്തിലായിരുന്നതിനാൽ തുല്യതക്ക് ഊന്നൽ നൽകുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. മറ്റൊരു പ്രതിയായ വികാസ് പാട്ടീൽ ഒളിവിലാണ്. ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല.