ഡിഎൻഎ ഫലം പുറത്ത്: കോളജ് കെട്ടിടത്തിൽ കണ്ടെത്തിയ മൃതദേഹം ഉടമ താഹയുടേത്
Saturday, January 11, 2025 12:59 PM IST
നെടുമങ്ങാട്: കരകുളം പി.എ. അസീസ് എന്‍ജിനിയറിംഗ് ആന്‍ഡ് പോളിടെക്നിക് കോളജിനുള്ളിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിൽനിന്നും കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഡിഎന്‍എ പരിശോധന ഫലം പുറത്ത്. കരിഞ്ഞനിലയിൽ കണ്ടെത്തിയ മൃതദേഹം കോളജ് ഉടമയായ ഇ.എം. താഹയുടേതു തന്നെയെന്നു സ്ഥിരീകരിച്ചു.
ഡിഎൻഎ പരിശോധനാഫലം താഹയുടെ കുടുംബത്തിനു പോലീസ് കൈമാറി. ഡിസംബര്‍ 31നാണ് കോളജിനുള്ളിലെ പണിതീരാത്ത കെട്ടിടത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതകളെ തുടര്‍ന്നുണ്ടായ മനോവിഷമത്തെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നു സ്ഥിരീകരിച്ചതായി പോലീസ് വ്യക്തമാക്കി.
60 കോടിയോളം രൂപയുടെ നികുതി ബാധ്യത താഹയ്ക്ക് ഉണ്ടായിരുന്നെന്നും പോലീസ് വ്യക്തമാക്കി. മരിച്ചത് ഇ.എം. താഹ തന്നെയാണെന്നു സ്ഥിരീകരിച്ചതോടെ മോര്‍ച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഞായറാഴ്ച കോളജിൽ പൊതുദര്‍ശനത്തിനുവയ്ക്കും. തുടര്‍ന്നു കൊല്ലം പള്ളിമുക്കിൽ ഖബറടക്കും.