പത്തനംതിട്ടയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ഇന്ന് കൂടുതൽ അറസ്റ്റുണ്ടായേക്കും
Saturday, January 11, 2025 7:17 AM IST
പത്തനംതിട്ട: കായികതാരമായ പെൺകുട്ടിയെ 60 ലധികം പേർ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്ന കേസിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടാകും. പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തിയ കേസിൽ വെള്ളിയാഴ്ച അഞ്ച് പേരുടെ അറസ്റ്റ് ആണ് ഇലവുംതിട്ട പോലീസ് രേഖപ്പെടുത്തിയത്.
പത്തനംതിട്ട, കോന്നി തുടങ്ങി ജില്ലയിലെ മറ്റ് സ്റ്റേഷനുകളിലും എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 13 വയസ് മുതൽ ചൂഷണത്തിന് ഇരയായി എന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. പെൺകുട്ടിക്ക് ഇപ്പോൾ 18 വയസ്സുണ്ട്. രണ്ട് കൊല്ലമായുള്ള പീഡനവിവരങ്ങളാണ് സിഡബ്ല്യുസി വഴി പോലീസിന് ലഭിച്ചത്.
കായിക താരമായ പെൺകുട്ടിയെ ചൂഷണം ചെയ്തവരിൽ പരിശീലകരും കായിക താരങ്ങളും സഹപാഠികളും ഉള്‍പ്പെടുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.
ശിശുക്ഷേമ സമിതിയോടു പെൺകുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ 40 പ്രതികൾക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തെന്ന് ഇലവുംതിട്ട പോലീസ് പറഞ്ഞു.
ആണ്‍സുഹൃത്ത് പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ചെയ്തെന്നാണ് പ്രാഥമിക വിവരം. മറ്റൊരു പീഡനക്കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന പ്രതിയും പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയവരുടെ കൂട്ടത്തിലുണ്ട്.
പ്രാഥമിക പരിശോധനയില്‍ തന്നെ 62 പ്രതികളുണ്ടെന്നാണു സൂചന. പത്തനംതിട്ട പോലീസ് സ്റ്റേഷനിലും പ്രതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഒരു പെണ്‍കുട്ടിയെ ചൂഷണത്തിനിരയാക്കിയ സംഭവത്തില്‍ ഇത്രയേറെ പ്രതികള്‍ വരുന്നത് അപൂര്‍വമാണെന്ന് പോലീസ് പറഞ്ഞു.