ജോഗിങ്ങിനിടെ അമിതവേഗതയിലെത്തിയ കാർ ഇടിച്ചു; കൗമാരക്കാരൻ ഗുരുതരാവസ്ഥയിൽ
Saturday, January 11, 2025 1:00 AM IST
നോയിഡ: ജോഗിങ്ങിനിടെ ആഡംബര വാഹനം ഇടിച്ച് കൗമാരക്കാരന് ഗുരുതര പരിക്ക്. ഗ്രേറ്റർ നോയിഡയിലെ സർവീസ് റോഡിലാണ് സംഭവം.
14കാരനായ നീരജ് ആണ് അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. സംഭവത്തിന് പിന്നാലെ ഓടിരക്ഷപെടാൻ ശ്രമിച്ച വാഹനത്തിന്റെ ഡ്രൈവർ പോലീസ് പിടിയിലായി.
വ്യാഴാഴ്ച രാവിലെ ആറിന് ഗ്രേറ്റർ നോയിഡ വെസ്റ്റിലെ സെക്ടർ 1ലെ സ്റ്റെല്ലാർ ജീവൻ സൊസൈറ്റിക്ക് സമീപമാണ് നീരജ് (14) ജോഗിങ്ങിന് പോയതെന്ന് പിതാവ് പറഞ്ഞു. അമിത വേഗതയിൽ പുറകിൽ കൂടിയെത്തിയ വാഹനമാണ് കുട്ടിയെ ഇടിച്ചത്.
തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ കൗമാരക്കാരനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമാണ്.