ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
Friday, January 10, 2025 11:14 PM IST
പാലക്കാട്: ശ്രീകൃഷ്ണപുരത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. കോഴിക്കോട്ടു നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന എ വൺ ട്രാവൽസിന്റെ ബസിനാണ് തീപിടിച്ചത്.
രാത്രി ഒമ്പതരയ്ക്ക് തിരുവാഴിയോട് ശ്രീകൃഷ്ണപുരം പോലീസ് സ്റ്റേഷനു സമീപമായിരുന്നു സംഭവം. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. അപകട സമയത്ത് 23 യാത്രക്കാരും നാലു ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്.
കോങ്ങാട്ടുനിന്നും മണ്ണാർക്കാട്ടുനിന്നും അഗ്നിരക്ഷാസേന എത്തിയാണു തീയണച്ചത്. യാത്രക്കാരിൽ ചിലരുടെ ബാഗും മറ്റു രേഖകളും കത്തിനശിച്ചെന്നു പോലീസ് പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.