മുൻകൂർ നോട്ടീസ് നൽകാതെ സ്വകാര്യവ്യക്തികളുടെ കെട്ടിടങ്ങൾ പൊളിക്കരുത്: നിർദേശം നല്കി ചീഫ് സെക്രട്ടറി
Tuesday, January 7, 2025 11:11 AM IST
തിരുവനന്തപുരം: ഉടമയ്ക്കോ താമസക്കാരനോ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങൾ പൊളിക്കാന്‍ പാടില്ലെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മറ്റ് വകുപ്പുകള്‍ക്കും ജില്ലാ കലക്ടര്‍മാര്‍ക്കും മാര്‍ഗനിര്‍ദേശം നല്കി ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്.
പൊളിക്കുന്നതിനുള്ള നോട്ടീസ് രജിസ്റ്റര്‍ ചെയ്ത തപാല്‍ വഴി അയയ്ക്കണമെന്നും കെട്ടിട ഉടമയ്ക്ക് കോടതിയെ സമീപിക്കാന്‍ 15 ദിവസത്തെ സമയം നല്‍കണമെന്നും മാര്‍ഗനിര്‍ദേശത്തിൽ പറയുന്നു. സ്വന്തം നിലയ്ക്ക് കെട്ടിടം പൊളിക്കാന്‍ ഉടമ തയാറാണെങ്കില്‍ 15 ദിവസം കൂടി അനുവദിണം.
പൊളിക്കുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ച് എല്ലാ പങ്കാളികളെയും അറിയിക്കാന്‍ അധികാരികള്‍ പ്രത്യേക വെബ് പോര്‍ട്ടല്‍ ആരംഭിക്കും. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് കെട്ടിടം പൊളിക്കുകയാണെങ്കില്‍ നഷ്ടപരിഹാരം നല്‍കാനും പുനര്‍നിര്‍മാണത്തിനുള്ള ചെലവുകള്‍ വഹിക്കാനും ഉദ്യോഗസ്ഥര്‍ക്ക് ബാധ്യതയുണ്ട്. കൂടാതെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കും.
തദ്ദേശ സ്ഥാപനങ്ങള്‍ പൊളിക്കുന്നതിന് നോട്ടീസ് നല്കുമ്പോള് ജില്ലാ കളക്ടറെ അറിയിക്കണം.മൂന്ന് മാസത്തിനകം പൊളിക്കല്‍ നടപടികളുടെ വിശദാംശങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ കഴിയുന്ന ഒരു വെബ് പോര്‍ട്ടല്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ആരംഭിക്കണം. പൊതുജനങ്ങള്‍ക്ക് പരിശോധിക്കാന്‍ പോര്‍ട്ടലില്‍ സൗകര്യമൊരുക്കണം. കെട്ടിട ഉടമയുടെ ഭാഗവും കേള്‍ക്കണം. എന്തുകൊണ്ടാണ് ഉടമയുടെ ആവശ്യം നിരസിക്കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കണം.
പൊളിക്കുകയാണെങ്കില്‍, രണ്ട് സാക്ഷികളുടെ ഒപ്പ് ശേഖരിക്കുകയും നടപടിക്രമത്തിന്റെ ദൃശ്യങ്ങള്‍ രേഖപ്പെടുത്തുകയും റിപ്പോര്‍ട്ട് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുകയും വേണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
2024 നവംബര്‍ 13 ന് പുറപ്പെടുവിച്ച പൊളിക്കലുകളെക്കുറിച്ചുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാനുള്ള സംസ്ഥാന നടപടികളുടെ ഭാഗമായാണ് ചീഫ് സെക്രട്ടറി മാർഗനിർദേശം പുറപ്പെടുവിച്ചത്.