മൻമോഹൻ സിംഗിന്റെ സംസ്കാരം ഇന്ന് നിഗംബോധ് ഘട്ടിൽ
Saturday, December 28, 2024 6:07 AM IST
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ സംസ്കാര ചടങ്ങുകൾ നിഗംബോധ് ഘട്ടിൽ നടക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പൂർണ സൈനിക ബഹുമതികളോടെ ഇന്ന് രാവിലെ 11.45നാണു സംസ്കാര ചടങ്ങുകൾ.
അദ്ദേഹത്തോടുള്ള ആദര സൂചകമായി ഇന്ന് ഉച്ചവരെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. രാവിലെ 11ന് സംസ്കാര ചടങ്ങുകള്‍ ആരംഭിക്കും.
എട്ടരയോടെ മൃതദേഹം ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം മന്മോഹന് സിംഗിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
തുടർന്ന് കേന്ദ്രമന്ത്രിസഭാ യോഗം രണ്ട് മിനിറ്റ് മൗനം ആചരിച്ചു. മികച്ച രാഷ്ട്ര തന്ത്രജ്ഞനെയും സാമ്പത്തിക വിദഗ്ധനെയുമാണ് നഷ്ടമായതെന്ന് മന്ത്രിസഭാ യോഗത്തിന്റെ അനുശോചന പ്രമേയത്തില്‍ പറയുന്നു.
ഏറെ നാളായി രോഗബാധിതനായിരുന്ന അദ്ദേഹം വ്യാഴാഴ്ച രാത്രിയിൽ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെ അന്ത്യം സംഭവിക്കുകയായിരുന്നു.
മറ്റു പ്രധാനമന്ത്രിമാരുടെ സ്മാരകമുള്ള യമുനാ തീരത്ത് മൻമോഹൻ സിംഗിന് പ്രത്യേക സ്മാരകം വേണമെന്ന കോൺഗ്രസിന്റെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചില്ല. സ്മാരകത്തിനുള്ള സ്ഥലത്തു തന്നെ സംസ്കാരം നടത്താത്തതിൽ കടുത്ത അമർഷത്തിലാണ് കോൺഗ്രസ്.
കേന്ദ്ര സർക്കാർ നിലപാട് വേദനാജനകമെന്ന് കെ.സി.വേണുഗോപാൽ പറഞ്ഞു. സ്മാരകത്തിനുള്ള സ്ഥലം അടുത്തയാഴ്ച തീരുമാനിക്കുമെന്നാണ് കേന്ദ്ര സർക്കാർ കുടുംബത്തെ അറിയിച്ചത്.