ഹിമാചൽപ്രദേശ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി
Friday, December 13, 2024 4:27 PM IST
ന്യൂഡൽഹി: ഹിമാചൽപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി എംപി. പ്രാദേശിക കർഷകരുടെ ചെലവിൽ ഹിമാചൽപ്രദേശ് സർക്കാർ മുൻനിര വ്യവസായികളെ സഹായിക്കുകയാണെന്നായിരുന്നു പാർലമെന്റിലെ ഭരണഘടനയെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ നടത്തിയ പ്രസംഗത്തിൽ പ്രിയങ്കയുടെ ആരോപണം.
രാജ്യത്തെ കർഷകർ ഒറ്റപ്പെട്ടിരിക്കുകയാണ്. കർഷകർ ദൈവത്തിന്റെ കാരുണ്യത്തിലാണ് ജീവിക്കുന്നതെന്നും ഹിമാചലിൽ ഇന്ന് എന്ത് നിയമങ്ങൾ ഉണ്ടാക്കിയാലും അതെല്ലാം മുൻനിര വ്യവസായികൾക്ക് അനുകൂലമാണെന്നും പ്രിയങ്ക വിമർശിച്ചു.
പ്രിയങ്കയുടെ വിമർശനത്തിന് പിന്നാലെ പരിഹാസവുമായി ബിജെപി രംഗത്തെത്തി. ഹിമാചലിൽ സ്വന്തം പാർട്ടിയാണ് ഭരിക്കുന്നതെന്ന കാര്യം പോലും പ്രിയങ്കയ്ക്ക് അറിയില്ലെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പരിഹസിച്ചു.
സഹോദരനായ രാഹുൽ ഗാന്ധിയെ പോലെ തന്നെ പ്രിയങ്കയുടെയും അവബോധമില്ലായ്മയാണ് ഇതിലൂടെ വ്യക്തമായതെന്നും രാഷ്ട്രീയ സർക്കസ് തുടങ്ങിയിട്ടേയുള്ളൂ എന്നും അമിത് മാളവ്യ വിമർശിച്ചു.