അന്ത്യയാത്രയിലും ഒന്നിച്ച് മടങ്ങി; തുപ്പനാട് മസ്ജിദിൽ ഖബറടക്കം, കണ്ണീർക്കടലായി പനയമ്പാടം
Friday, December 13, 2024 11:30 AM IST
പാലക്കാട്: പനയമ്പാടത്ത് അപകടത്തിൽ മരിച്ച നാലു പെൺകുട്ടികളുടെയും ഖബറടക്കം തുപ്പനാട് ജുമാ മസ്ജിദിൽ നടന്നു. അടുത്തടുത്തായി തയാറാക്കിയ നാലു ഖബറുകളിലാണ് പെൺകുട്ടികളെ അടക്കിയത്.
പാലക്കാട് ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ രാവിലെ ആറ് മണിയോടെയാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. എട്ടര മുതല്‍ തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളില്‍ പൊതുദര്‍ശനം നടത്തി. പത്തരയോടെ മയ്യിത്ത് നമസ്കാരത്തിന് ശേഷമാണ് ഖബറടക്കം നടന്നത്.
നാടിന്റെ പ്രിയപ്പെട്ട പെൺകുട്ടികളെ അവസാന നോക്കുകാണാൻ നൂറുകണക്കിനാളുകളാണ് പള്ളിയിലും വീട്ടിലും പൊതുദർശനം നടന്ന ഹാളിലും എത്തിയത്.
വ്യാഴാഴ്ച വൈകിട്ട് പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ഥിനികള്‍ റോഡരികിലൂടെ നടന്നുപോകുന്പോഴാണ് അപകടം സംഭവിച്ചത്. പാലക്കാട്ടുനിന്നു മണ്ണാർക്കാട് ഭാഗത്തേക്കു സിമന്റ് കയറ്റിപ്പോയ ലോറി കുട്ടികളുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. മറ്റൊരു ലോറി തട്ടിയതിനെ തുടർന്നാണ് വാഹനം മറിഞ്ഞത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ ആയിഷ, ഇര്‍ഫാന, റിദ, നിദ എന്നിവരാണ് മരിച്ചത്.
അതേസമയം അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള ലോറി ഡ്രൈവറുടേയും ക്ലീനറുടെയും വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും. അപകടം നടന്ന സ്ഥലത്ത് ഫോറൻസിക് വിദഗ്ധരുടെ നേതൃത്വത്തിൽ ശാസ്ത്രീയ പരിശോധന തുടരുകയാണ്.