ധനുഷിന്റെ ഹർജിയിൽ നയൻതാര മറുപടി നൽകണമെന്ന് മദ്രാസ് ഹൈക്കോടതി
Thursday, December 12, 2024 3:03 PM IST
ചെന്നൈ: പകര്‍പ്പവകാശം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടനും നിർമാതാവുമായ ധനുഷ് നൽകിയ ഹര്‍ജിയില്‍ ജനുവരി എട്ടിനകം നയന്‍താര മറുപടി നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി. നയന്‍താര, ഭര്‍ത്താവ് വിഗ്നേഷ് ശിവന്, ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച നെറ്റ്ഫ്ലിക്സ് എന്നിവരില്‍ നിന്ന് കോടതി മറുപടി ആവശ്യപ്പെട്ടത്.
നയന്‍താരയുടെ ജീവിതകഥ പറയുന്ന "നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയ്ല്' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയില്‍ തമിഴ് ചിത്രമായ "നാനും റൗഡി താന്‍' എന്ന ചിത്രത്തിലെ ചില ദൃശ്യങ്ങള്‍ ഉപയോഗിച്ചെന്ന് കാണിച്ചാണ് നയന്‍താരയ്ക്കെതിരേ ധനുഷ് ഹൈക്കോടതിയെ സമീപിച്ചത്.
ബിയോണ്ട് ദി ഫെയറി ടെയ്ൽ എന്ന ഡോക്യുമെന്ററിക്കായി നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിന് എൻഒസി നൽകാത്തതിനെ കുറിച്ച് ധനുഷിനെതിരെ നയൻതാര തുറന്ന കത്തിലൂടെ ആഞ്ഞടിച്ചിരുന്നു.
പിന്നീട് ചിത്രത്തിലെ മൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ ഉള്‍പ്പെടുത്തികൊണ്ട് നെറ്റ്ഫ്ലിക്സിൽ ഡോക്യൂമെന്ററി റീലീസ് ചെയ്തത്. ഇതിനുപിന്നാലെയാണ് ധനുഷ് കോടതിയിൽ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
നവംബർ 18ന് ആയിരുന്നു നയൻതാര- വിഘ്നേഷ് ദമ്പതികളുടെ ബിയോണ്ട് ദി ഫെയറിടെയിൽ എന്ന പേരിലുള്ള ഡോക്യുമെന്ററി വീഡിയോ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടത്.