ദളിത് യുവാവ് വിനായകന്റെ മരണം: പോലീസുകാർക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണമെന്ന് കോടതി
Thursday, December 12, 2024 12:53 PM IST
തൃശൂർ: എങ്ങണ്ടിയൂരിലെ ദളിത് യുവാവ് വിനായകന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ പോലീസുകാർക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താൻ ഉത്തരവിട്ട് തൃശൂർ എസ്സി എസ്ടി കോടതി.
പ്രതികളെന്ന് ആരോപണമുള്ള പോലീസുകാരെ ഒഴിവാക്കിയ ക്രൈംബ്രാഞ്ച് കുറ്റപത്രത്തിനെതിരേ കുടുംബവും ദളിത് സമുദായ മുന്നണിയും നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. 2017 ജൂലൈയിലാണ് വിനായകൻ മരിച്ചത്. പോലീസ് മർദനത്തെ തുടർന്നാണ് വിനായകൻ ജീവനൊടുക്കിയതെന്നായിരുന്നു പരാതി.
കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ പോലീസുകാരായ സാജൻ, ശ്രീജിത്ത് എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിരുന്നില്ല. ഇതിനെതിരേയാണ് വിനായകന്റെ പിതാവ് കൃഷ്ണനും ദളിത് സമുദായ മുന്നണിയും കോടതിയിൽ ഹർജി നല്കിയത്.
സുഹൃത്തുക്കളുമൊന്നിച്ച് വഴിയരികിൽ നിന്നിരുന്ന വിനായകനെ മോഷണക്കുറ്റം ആരോപിച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്ത് അതിക്രൂരമായി മർദിച്ചത്. തുടർന്നുണ്ടായ മാനസിക വിഷമത്തിലാണ് വിനായകൻ ജീവനൊടുക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസാണ് എടുത്തത്. കസ്റ്റഡിയിലിരിക്കെ മർദിച്ചു എന്ന കേസും ആത്മഹത്യാകേസുമാണ് എടുത്തിട്ടുള്ളത്.