ഉമർഫൈസി മുക്കം അധിക്ഷേപിച്ചു: സമസ്ത മുശാവറ യോഗത്തിൽ നിന്ന് ജിഫ്രി മുത്തുകോയ തങ്ങൾ ഇറങ്ങിപ്പോയി
Wednesday, December 11, 2024 7:11 PM IST
കോഴിക്കോട്: സമസ്തയിലെ ലീഗ് വിരുദ്ധ ചേരിക്കാരനായ ഉമർ ഫൈസി മുക്കം നടത്തിയ അധിക്ഷേപ പരാമർശത്തിൽ കുപിതനായി സമസ്ത മുശാവറ യോഗത്തിൽ നിന്ന് അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ ഇറങ്ങിപ്പോയി. അധ്യക്ഷൻ ഇറങ്ങിപ്പോയതിന് പിന്നാലെ ഉപാധ്യക്ഷൻ മുശാവറ യോഗം പിരിച്ചുവിട്ടു.
ഇന്ന് ചേർന്ന യോഗത്തിൽ ഉമർ ഫൈസി മുക്കവുമായി ബന്ധപ്പെട്ട പരാതികൾ ചർച്ചക്ക് വന്നപ്പോഴാണ് സംഭവം. ഇന്ന് യോഗം തുടങ്ങിയപ്പോൾ തന്നെ ഈ വിഷയം ചർച്ച ചെയ്യുമ്പോൾ ഉമർ ഫൈസി മുക്കം യോഗത്തിൽ നിന്ന് മാറിനിൽക്കണമെന്ന് യോഗാധ്യക്ഷനായ ജിഫ്രി തങ്ങൾ ആവശ്യപ്പെട്ടിരുന്നു.
പിന്നീട് അജണ്ടയിലെ മറ്റ് വിഷയങ്ങൾ ചർച്ച ചെയ്ത ശേഷം ഉമർ ഫൈസി മുക്കവുമായി ബന്ധപ്പെട്ട കാര്യം ചർച്ചയ്ക്ക് വന്നപ്പോൾ അദ്ദേഹത്തോട് യോഗത്തിൽ നിന്ന് മാറിനിൽക്കാൻ ജിഫ്രി തങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ ഉമർ ഫൈസി മുക്കം ഇതിന് തയ്യാറായില്ല.
ജിഫ്രി തങ്ങളുടെ ആവശ്യം നിരാകരിച്ച് യോഗത്തിൽ സംസാരിച്ച ഉമർ ഫൈസി കള്ളന്മാർ എന്ന പദപ്രയോഗം നടത്തിയതോടെയാണ് കുപിതനായി ജിഫ്രി തങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്.