മുല്ലപ്പെരിയാര്‍ ഡാം അറ്റകുറ്റപ്പണി; മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് എം.കെ.സ്റ്റാലിന്
Tuesday, December 10, 2024 3:00 PM IST
ചെന്നൈ: മുല്ലപ്പെരിയാര്‍ ഡാം അറ്റകുറ്റപ്പണിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്. വൈക്കം സത്യാഗ്രഹ ശതാബ്ദി സമാപനത്തിനായി വ്യാഴാഴ്ച കോട്ടയത്തെത്തുമ്പോള്‍ പിണറായിയെ കാണുമെന്ന് സ്റ്റാലിൻ അറിയിച്ചു.
നിയമസഭയില്‍ പ്രതിപക്ഷത്തിന് നൽകിയ മുപടിയിലാണ് സ്റ്റാലിൻ ഇക്കാര്യം അറിയിച്ചത്. അറ്റകുറ്റപ്പണിക്കെന്ന പേരില്‍ അനുമതിയില്ലാതെ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് കൊണ്ടുവന്ന സാധനങ്ങള്‍ കഴിഞ്ഞയാഴ്ച വള്ളക്കടവ് ചെക്ക്പോസ്റ്റില്‍വച്ച് കേരള വനംവകുപ്പ് തടഞ്ഞിരുന്നു. ഇതില്‍ തമിഴ്നാട് സര്‍ക്കാരിനെ വിമര്‍ശിച്ച് എഐഎഡിഎംകെ രംഗത്തെത്തിയതോടെയാണ് സ്റ്റാലിന്റെ പ്രതികരണം.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അറ്റകുറ്റപ്പണി നടത്തണമെന്ന തമിഴ്നാടിന്റെ ആവശ്യം കേരളം നേരത്തെ തള്ളിയിരുന്നു. സുരക്ഷാപരിശോധന നടത്തിയിട്ടുമതി അറ്റകുറ്റപ്പണിയെന്നാണ് കേരളത്തിന്റെ നിലപാട്.