എഡിഎമ്മിന്റെ മരണത്തിൽ ദുരൂഹത; പി. ശശിയുടെ പങ്ക് അന്വേഷിക്കണം: പി.വി. അൻവർ
Sunday, December 8, 2024 1:45 PM IST
ന്യൂഡൽഹി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഇൻക്വസ്റ്റ് റിപ്പോർട്ടിലും തിരിമറിയുണ്ടായെന്ന് പി.വി. അൻവർ എംഎൽഎ.
കുടുംബത്തെ അറിയിക്കാതെ നടത്തിയ ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികളിൽ സർവത്ര ദുരൂഹതയുണ്ട്. നവീൻ ബാബുവിന്റെ ഹൃദയവാൽവിന് ഒരു കുഴപ്പവുമില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്ന അടിവസ്ത്രത്തിലെ രക്തക്കറ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്താത്തതിലും ദുരൂഹതയുണ്ട്.
മൂത്രസഞ്ചി ശൂന്യമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ശ്വാസം മുട്ടി മരിച്ചിട്ടും ശ്വാസകോശത്തിന് കുഴപ്പമില്ലെന്ന് പറയുന്നു.
കയറിന്റെ വ്യാസത്തിൽ ദുരൂഹതയുണ്ട്. 0.5 സെന്റീമീറ്റർ ഡയമീറ്റർ കയർ മൊബൈൽ ചാർജറിനേക്കാൾ ചെറിയ വ്യാസമുള്ളതാണ്. അത് തന്നെ ദുരൂഹമാണ്. 55 കിലോ ഭാരമുള്ള മനുഷ്യന് ഈ ചെറിയ വ്യാസമുള്ള കയറിൽ തൂങ്ങി മരിക്കുകയെന്നത് അസ്വാഭാവികമാണെന്നും അൻവർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ദുരൂഹ ഇടപാടുകൾ നവീൻ ബാബുവിന് അറിയാമായിരുന്നു. ശശിയുടെ സമ്മർദത്തെ കുറിച്ച് നവീൻ ബാബു കുടുംബത്തെ അറിയിച്ചിരുന്നു. ഹൈക്കോടതിയിലെ കേസിൽ കക്ഷി ചേരും.
ശശിയുടെ ഇടപെടൽ കാരണം ജോലി ചെയ്യാൻ നവീൻബാബുവിന് ബുദ്ധിമുട്ടുണ്ടായിരുന്നു. ശശിയുടെ പങ്ക് അന്വേഷിക്കണമെന്ന് കോടതിയോടാവശ്യപ്പെടുമെന്നും അൻവർ പറഞ്ഞു.