ശബരിമലയിൽ ദിലീപിന് വിഐപി പരിഗണന: ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും
Saturday, December 7, 2024 10:36 AM IST
കൊച്ചി: നടൻ ദിലീപിന് ശബരിമലയിൽ വിഐപി പരിഗണന നൽകിയതുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. പോലീസ് അകന്പടിയോടെ എങ്ങനെയാണ് ദിലീപ് അടക്കമുള്ളവർ ദർശനത്തിന് എത്തിയതെന്ന് വിശദീകരിക്കണമെന്നും സിസിടിവി ദൃശ്യങ്ങളടക്കം ഇന്ന് ഹാജരാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.
ഇതിനു പിന്നാലെ ദേവസ്വം വിജിലന്‍സ് എസ്പി അന്വേഷണം നടത്തി ദേവസ്വത്തിന് റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തു. പ്രാഥമിക റിപ്പോര്‍ട്ടാണ് കൈമാറിയതെന്നും വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയക്ക് കൈമാറുമെന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു അറിയിച്ചു.
വ്യാഴാഴ്ച രാത്രിയാണ് നടന് ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ദേവസ്വം ബോര്‍ഡിന്റെ ഉദ്യോഗസ്ഥര്‍ ദിലീപിനെ അനുഗമിക്കുകയും ശ്രീകോവിലിന്റെ മുന്നിലെത്തിച്ച് ദര്‍ശനം നടത്തിപ്പോകാനുള്ള അവസരം ഒരുക്കിയെന്നുമുള്ള ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്.
കുട്ടികളടക്കം നിരവധി തീര്‍ഥാടകര്‍ കാത്തുനില്ക്കുമ്പോള് സിനിമാ താരത്തിന് കൂടുതല്‍ സമയം ദര്‍ശനത്തിന് അനുമതി നല്‍കിയത് എങ്ങനെയെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ചോദിച്ചു.
ഇത്തരം കാര്യങ്ങള്‍ അനുവദനീയമല്ലെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്ക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടിവരുമെന്നും ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീ കൃഷ്ണ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.