പ്രോബാ 3 വിക്ഷേപിച്ചു
Thursday, December 5, 2024 4:31 PM IST
ശ്രീഹരിക്കോട്ട: യൂറോപ്യൻ സ്പേസ് ഏജൻസിയുടെ പ്രോബ-3 ബഹിരാകാശ പേടകം വിക്ഷേപിച്ച് ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിൽനിന്നും ഇന്ന് വൈകുന്നേരം 4.04നാണ് പ്രോബ-3 വിക്ഷേപിച്ചത്. പിഎസ്എൽവി-സി59 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം.
ഉപഗ്രഹത്തിന്റെ സാങ്കേതിക പ്രശ്നം കണ്ടെത്തിയതിനെ തുടർന്ന് ബുധനാഴ്ച വിക്ഷേപണം മാറ്റിയിരുന്നു. വിക്ഷേപണത്തിന് 44 മിനിറ്റ് ബാക്കിയുള്ളപ്പോഴാണ് കൗണ്ട്ഡൗണ്‍ നിർത്തിയത്.
ബഹിരാകാശത്തു കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യനെ ആഴത്തിൽ പഠിക്കാൻ ലക്ഷ്യമിട്ടാണ് പ്രോബ 3 വിക്ഷേപണം നടത്തിയത്. ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) ഏറ്റെടുത്തു നടത്തുന്ന വാണിജ്യ വിക്ഷേപണമാണിത്.
ഭൂമിയിൽനിന്ന് അകലെ 60,530 കിലോമീറ്ററും അരികിൽ 600 കിലോമീറ്ററും ദൈർഘ്യമുള്ള ദീർഘ ഭ്രമണപഥത്തിൽ പരസ്പരം 150 മീറ്റർ അകലം പാലിച്ചാണ് പ്രോബ 3 ഇരട്ട ഉപഗ്രഹങ്ങൾ സഞ്ചരിക്കുക.
ഒറ്റത്തവണ തുടർച്ചയായി ആറ് മണിക്കൂർ സൂര്യന്റെ അന്തരീക്ഷപാളിയായ കൊറോണയെ നിരീക്ഷിക്കാൻ കഴിയും വിധമാണ് ഇതിന്റെ യാത്രാപഥം നിശ്ചയിച്ചിരിക്കുന്നത്.