കണക്കിൽപ്പെടാത്ത പണം പിടിച്ചു; നടൻ മണികണ്ഠനു സസ്പെൻഷൻ
Tuesday, December 3, 2024 11:15 PM IST
പാലക്കാട്: കണക്കിൽപ്പെടാത്ത പണം പിടിച്ച കേസിൽ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥനും നടനുമായ കെ.മണികണ്ഠനു സസ്പെൻഷൻ. ഒറ്റപ്പാലത്തെ വാടക വീട്ടിൽനിന്ന് 1.90 ലക്ഷം രൂപ പിടിച്ചതിനു പിന്നാലെയാണു നടപടി.
വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കോഴിക്കോട്ടെ വിജിലൻസ് സ്പെഷൽ സെൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിനു പിന്നാലെയായിരുന്നു ഒക്ടോബർ 29നു റെയ്ഡ് നടത്തിയത്.
കാസർഗോഡ് ചെറുവത്തൂർ സ്വദേശിയും ഒറ്റപ്പാലം സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലെ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറുമാണ് മണികണ്ഠൻ. വാടക വീട്ടിൽനിന്നു പണത്തിനു പുറമെ മൊബൈൽ ഫോണും ചില രേഖകളും കസ്റ്റഡിയിലെടുത്തിരുന്നു.
പരിശോധനാ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതിനു പിന്നാലെയാണു മണികണ്ഠനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ആട്2, ജാനകീജാനെ, അഞ്ചാംപാതിര ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.