പോലീസുകാരെ കബളിപ്പിച്ച് കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നും തടവുകാരന് ജയില്‍ ചാടി
Sunday, December 1, 2024 6:35 PM IST
കോഴിക്കോട്: ജില്ലാ ജയിലില്‍ നിന്നും റിമാന്ഡ്തടവുകാരന് ജയില്‍ ചാടി. പുതിയങ്ങാടി സ്വദേശി മുഹമ്മദ് സഫാദാണ് ജയിൽ ചാടിയത്.
ടിവി കാണാന്‍ സെല്ലില്‍ നിന്നും ഇറക്കിയപ്പോള്‍ ആണ് ഇയാൾ രക്ഷപ്പെട്ടത്. ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞ് കബളിപ്പിച്ച് ഇയാൾ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു.
മോഷണക്കേസില്‍ റിമാന്‍ഡിലായ സഫാദിനെ കഴിഞ്ഞ മാസം പതിനേഴിനാണ് കോഴിക്കോട് ജില്ലാ ജയിലില്‍ കൊണ്ടുവന്നത്. ഞായറാഴ്ചകളിലാണ് കോഴിക്കോട് ജില്ലാ ജയിലില്‍ തടവുകാര്‍ക്ക് ടിവി കാണാൻ അനുമതിയുള്ളത്.
സംഭവത്തിൽ പോലീസ് പ്രതിക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മറ്റ് പോലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയിട്ടുണ്ട്.